ധ്യാൻ ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രം ആപ് കൈസേ ഹോയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങി നടനും സംവിധായകനുമായ ശ്രീനിവാസൻ. മലയാള സിനിമയ്‌ക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച ശ്രീനിവാസന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിനിടെയാണ് പ്രേക്ഷകർക്ക് സസ്പെൻസായി ആപ് കൈസേ ഹോയുടെ ട്രെയിലർ റിലീസ് ചെയ്തത്.
ലവ് ആക്ഷൻ ഡ്രാമ, പ്രകാശം പരക്കട്ടെ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ തിരക്കഥ എഴുതുന്ന ചിത്രമാണിത്. കോമഡി ത്രില്ലറായി എത്തുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് ശ്രീനിവാസൻ എത്തുന്നത്. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും, അംജതും ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ വിനയ് ജോസാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 28-നാണ് സിനിമ തിയേറ്ററുകളിലെത്തുക. ഡി ഗ്രൂപ്പിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം വള്ളുവനാടൻ സിനിമ കമ്പനിയാണ് തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ശ്രീനിവാസനും ധ്യാനും ആദ്യമായി ഒരുമിച്ച് എത്തുന്ന ചിത്രം കൂടിയാണ് ആപ് കൈസേ ഹോ.
അജു വർഗീസ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, ഡോണി ഡേവിഡ്, ജൂഡ് ആന്റണി, ഇടവേള ബാബു, സുരഭി സന്തോഷ്, തൻവി റാം എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.