മലപ്പുറം: മാർച്ച് 31-ന് തുടങ്ങിയ എസ്.എസ്.എൽ.സി. പരീക്ഷകൾ വെള്ളിയാഴ്ച അവസാനിച്ചു. മലയാളം പാർട്ട് രണ്ടായിരുന്നു അവസാന പരീക്ഷ. ഇനി നടക്കാനുള്ള ഐ.ടി. പ്രായോഗിക പരീക്ഷ മേയിൽ നടക്കും. മികച്ച രീതിയിൽ പരീക്ഷയെഴുതിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു. ഇത്തവണ 78,219 കുട്ടികളാണ് ജില്ലയിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലാണ്. 297 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.
സ്കൂൾ ഗോയിങ് വിഭാഗത്തിൽ 55,951 വിദ്യാർഥികളും ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 18,439 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 3,427 വിദ്യാർഥികളും പരീക്ഷയെഴുതി. തിരൂർ ഉപജില്ലയിൽ 70 പരീക്ഷാകേന്ദ്രങ്ങളിലായി 15,666 വിദ്യാർഥികളും മലപ്പുറം വിദ്യാഭ്യാസ ഉപ ജില്ലയിൽ 103 കേന്ദ്രങ്ങളിലായി 27,485 പേരും വണ്ടൂർ ഉപജില്ലയിൽ 15,813 വിദ്യാർഥികളും പരീക്ഷയെഴുതി. കഴിഞ്ഞ ദിവസം പൂർത്തിയായ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകളുടെ മൂല്യനിർണയം തുടങ്ങി. 77,817 പേരാണ് ജില്ലയിൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതിയത്.