Spread the love

മലപ്പുറം എസ്പിയെ വേദിയിൽ ഇരുത്തി പൊലീസിനെതിരെ വിമർശനം നടത്തിയ പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ രംഗത്ത്. അൻവർ ഐപിഎസ് ഉദ്യോഗസ്ഥരെ അപമാനിച്ചെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഇവർ പ്രമേയം പാസാക്കി.

കഴിഞ്ഞ ദിവസം മലപ്പുറം എസ്പി വേദിയിലിരിക്കെയായിരുന്നു പി വി അൻവർ എംഎൽഎയുടെ വിമർശനം. പൊലീസുകാരിൽ ക്രിമിനലുകളുമായി കൂട്ട് കൂടുന്നവർ പലരുമുണ്ടെന്നും അവർ സർക്കാരിന് കളങ്കമുണ്ടക്കാകുന്നുവെന്നും അൻവർ പറഞ്ഞിരുന്നു. ശേഷം തന്റെ പാർക്കിലെ റോപ്പ് മോഷണം പോയതുമായി ബന്ധപ്പെട്ട കേസ് എങ്ങുമെത്തിയില്ല എന്നത് ചൂണ്ടിക്കാട്ടിയും എസ്പിയുടെ സാനിധ്യത്തിൽ അൻവർ വിമർശനം ഉന്നയിച്ചിരുന്നു. എസ് പിക്കെതിരെയും പ്രസംഗമദ്ധ്യേ അൻവർ വിമർശനം ഉന്നയിച്ചിരുന്നു. അൻവറിൻ്റെ പ്രസംഗശേഷം സംസാരിക്കാൻ നിൽക്കാതെ മലപ്പുറം എസ്പി വേദി വിട്ടിരുന്നു.

ബംഗ്ലാദേശിന് സമാനമായ സാഹചര്യത്തിൽ പൊലീസിനെതിരെ ജനം തെരുവിലിറങ്ങുമെന്നുള്ള പരാമർശത്തിനെതിരെയും ഐപിഎസ് അസോസിയേഷൻ പരാതി ഉന്നയിച്ചിട്ടുണ്ട്. മലപ്പുറം എസ്പിയെ പല വിധത്തിൽ അൻവർ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. എംഎൽഎ പരാമർശങ്ങൾ പിൻവലിച്ച് പൊതുമധ്യത്തിൽ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ ആവശ്യം. നിയമവ്യവസ്ഥ ഉയർത്തി പിടിക്കാൻ എംഎല്‍എ തയ്യാറാകണമെന്നും, എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

Leave a Reply