ദക്ഷിണ കൊറിയയിൽ തലസ്ഥാന നഗരമായ സോളിൽ ഹാലോവിൻ പാർട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 149 ലേക്ക് ഉയർന്നു. നൂറോളം പേർക്ക് പരിക്കേറ്റതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇവരിൽ 19 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഏറെയും ചെറുപ്പക്കാരാണ്. ശനിയാഴ്ച രാത്രി സിയോളിലെ ഒരു ജനപ്രിയ നൈറ്റ് ലൈഫ് ഡിസ്ട്രിക്റ്റിലെ ഇടുങ്ങിയ ഇടവഴിയിലൂടെ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ ഇടിച്ചുകയറുന്നതിനിടെ ആയിരുന്നു അപകടം. ദക്ഷിണ കൊറിയയിലെ ആദ്യത്തെ ഹലോവീൻ ആഘോഷം ആസ്വദിക്കാൻ ഇറ്റവോൺ നിശാക്ലബ് ജില്ലയിലേക്ക് ജനം ഒഴുകിയെത്തിയിരുന്നു. കോവിഡ് മഹാമാരി സമയത്ത് ഏർപ്പെടുത്തിയ ആൾക്കൂട്ട പരിധിയും ഫേസ്മാസ്ക് നിയമങ്ങളും എടുത്തുകളഞ്ഞതിന് ശേഷം ഉണ്ടായ ആഘോഷത്തിൽ പങ്കെടുക്കാൻ നാട്ടുകാർ ഇരച്ചുകയറുകയായിരുന്നു. ഹാലോവിൻ ആഘോഷങ്ങൾക്കായി ഒരു ലക്ഷത്തോളം പേരായിരുന്നു തലസ്ഥാന നഗരമായ സോളിൽ തടിച്ചുകൂടിയിരുന്നത്. ആഘോഷങ്ങൾ നടക്കുന്ന സ്ഥലത്തെ ഒരു ഹോട്ടലിലേക്ക് ഒരു പ്രമുഖ വ്യക്തിയെത്തിയതോടെ, ആളുകൾ തള്ളിക്കയറിയെന്നും ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.