ന്യൂഡൽഹി∙ ഇന്നത്തെ വിദ്യാർഥികൾ കൂടുതൽ ക്രിയാത്മകമാണെന്ന അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർഥികൾ രാജ്യത്തിന്റെ ഭാവിയാണെന്നും അദ്ദേഹം പറഞ്ഞു. ഏഴാമത് ‘പരീക്ഷാ പേ ചർച്ച’യുടെ ഭാഗമായി വിദ്യാർഥികളുമായി സംവദിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പരീക്ഷകളെ നേരിടാൻ വിദ്യാർഥികൾക്കു മനക്കരുത്തുണ്ടാക്കാനായി 2018 മുതലാണ് പ്രധാനമന്ത്രി ‘പരീക്ഷാ പേ ചർച്ച’ തുടങ്ങിയത്. പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി മൂവായിരത്തോളം കുട്ടികളുമായി സംവദിക്കുന്നു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ചർച്ച.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് പരിപാടിയിൽ നേരിട്ടു പങ്കെടുക്കുന്നത്. കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ മേഘ്ന.എൻ.നാഥാണ് പരിപാടി നിയന്ത്രിക്കുന്നത്. ആദ്യമായാണ് ഒരു മലയാളി പെൺകുട്ടിക്ക് പരിപാടി നിയന്ത്രിക്കാൻ അവസരം കിട്ടുന്നത്.
പരീക്ഷാ പേ ചർച്ച ഓണ്‍ലൈനായും ടെലിവിഷൻ വഴിയും രാജ്യമൊട്ടാകെ പ്രദർശിപ്പിക്കുന്നുണ്ട്. പരിപാടി കുട്ടികളെ കാണിക്കാൻ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങൾക്കു വിദ്യാഭ്യാസ മന്ത്രാലയം മാർഗ നിർദേശം കൊടുത്തിരുന്നു. ഇത്തവണ 2 കേടിയിലധികം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞത്. കോവിഡ് കാലത്ത് ഓണ്‍ലൈനായും പരീക്ഷാ പേ ചർച്ച നടത്തിയിരുന്നു.