സിനിമാ നടീനടന്മാരിൽ ചിലരേയും പാട്ടുകാരിൽ ചിലരേയും മറ്റു ചില മിനിസ്ക്രീൻ താരങ്ങളേയും പ്രേക്ഷകർ തങ്ങളുടെ സ്വീകരണ മുറികളിലൂടെ കണ്ട് കണ്ട് ഏറ്റവും അടുത്ത ആൾക്കാരെ പോലെ സ്നേഹിക്കാറുണ്ട്. ഇത്തരത്തിൽ ഗായിക സിത്താരയും, നടി അനുശ്രീയും, അവതാരിക ലക്ഷ്മി നക്ഷത്രയും ഗായികയും അവതാരികയും നടിയുമൊക്കെയായി തിളങ്ങിയിട്ടുള്ള റിമി ടോമിയുമൊക്കെ മലയാളികൾക്ക് അയലത്തെ കുട്ടികളെ പോലെയാണ്. ഇതിൽ തന്നെ എടുത്തു പറയുകയാണെങ്കിൽ തന്റെ അക്ഷീണ പരിശ്രമത്തിലൂടെയും ആത്മവിശ്വാസത്തോടെയുള്ള ചുവടുവെപ്പിലൂടെയുമുള്ള വളർച്ചയുടെ കഥയാണ് റിമിക്ക് പറയാനുള്ളത്.
പ്രായം കൂടും തോറും ചെറുതാവുന്ന പ്രകൃതം എന്നൊക്കെ ആളുകൾ ചുമ്മാ റിമിയെ പൊക്കി വിടുമെങ്കിലും താരത്തിന്റെ ബോഡി & ലൂക്ക് ട്രാൻസ്ഫോർമേഷൻ അത്ര നിസ്സാരത്തിൽ നേടിയെടുത്ത ഒന്നല്ല. ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന ഫ്‌ളവേഴ്‌സ് ഒരു കോഡി എന്ന ഷോയില്‍ പങ്കെടുക്കവേയാണ് റിമി ട്രാൻസ്ഫോർമേഷനെ കുറിച്ചും തടി കുറയ്ക്കാനുണ്ടായ കാരണത്തെ കുറിച്ചും ഏറ്റവും ഒടുവിൽ സംസാരിച്ചിരിക്കുന്നത്.
ഒരു അവാർഡ് നൈറ്റ് ഷോയിൽ വച്ചു ബോളിവുഡ് ഇതിഹാസം ഷാരൂഖ് ഖാൻ തന്നെ എടുത്ത് പൊക്കി. തന്റെ ജീവിതത്തിലെ വലിയ കാര്യമായിരുന്നു അത്. അതുപോലെ തന്നെ അന്ന് അത് വലിയ ചർച്ചയ്ക്കും വഴിയായി. പലരും തന്റെ തടിയെ കുറിച്ച് സംസാരിക്കാനും തുടങ്ങി. എന്നാൽ അപ്പോഴും താൻ തടി കുറയ്ക്കാം എന്ന തീരുമാനത്തിൽ എത്തിയിരുന്നില്ലെന്നും പക്ഷെ പിന്നീട് തടി കാരണം സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോഴൊക്കെ വല്ലാതെ കിതയ്ക്കാന്‍ തുടങ്ങി. ഈ കിതപ്പ് പാട്ട് പാടുമ്പോള്‍ ഒരു ആത്മവിശ്വാസക്കുറവ് സൃഷ്ടിച്ചെന്നും ഇത് വരാതിരിക്കുന്നതിന് വേണ്ടിയാണ് വര്‍ക്കൗട്ട് ചെയ്തു തുടങ്ങിയതെന്നും താരം പറയുന്നു.
മുൻപ് ഒട്ടും ചിട്ടയില്ലാത്ത ജീവിതമായിരുന്നു. എന്തും വാരി വലിച്ചു കഴിക്കുന്ന ശീലം, പുലർച്ചെ വരെയുള്ള ഷോയും ശേഷമുള്ള ഉറക്കവും എല്ലാം പ്രശ്നമായിരുന്നു. എങ്ങനെയാണ് തടി കുറച്ചത് എന്ന് എല്ലാവരും ചോദിയ്ക്കും, പ്രത്യേകിച്ച് ഒരു സീക്രട്ടും ഇല്ല റിമി പറയുന്നു. കൃത്യമായി ഉറങ്ങാനും ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യാനും തുടങ്ങി റിമി ടോമി കൂട്ടിച്ചേർത്തു.
മറ്റുള്ളവർ പറയുന്നത് കേട്ട് തുടങ്ങിയതല്ല, ചിലർ പറയും പോലെ ഒരു ഫാഷൻ പോലെയും ചെയ്തു തുടങ്ങിയതല്ല. തന്റെ ആത്മവിശ്വാസം കൂട്ടാൻ ആരംഭിച്ച ശീലമാണ്. ഇപ്പോള്‍ ഒരു ദിവസം വര്‍ക്കൗട്ട് ചെയ്യാതെ കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ദിവസവും മൂന്ന് മണിക്കൂറെങ്കിലും വര്‍ക്കൗട്ട് ചെയ്യും റിമി പറയുന്നു.
അതേസമയം തടി കുറച്ചപ്പോള്‍ ആത്മവിശ്വാസം വർധിച്ചെന്നും എന്ന് കരുതി ഫിഗർ കാത്തു സൂക്ഷിക്കാനായി ഒന്നും കഴിക്കാതിരിക്കാറില്ല. കഴിച്ചാല്‍ അതിനനുസരിച്ച് വര്‍ക്കൗട്ട് ചെയ്യും അതാണ് രീതി ടോമി പറഞ്ഞു