Spread the love

സംസ്ഥാന, സംയുക്ത പട്ടിക; കേന്ദ്ര ഇടപെടൽ ഫെഡറൽ സംവിധാനത്തിന് എതിരെന്ന് മുഖ്യമന്ത്രി.


തിരുവനന്തപുരം : സംസ്ഥാന, സംയുക്ത പട്ടികകളിലെ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ രാജ്യത്തെ ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും ഫെഡറൽ സംവിധാനം കൂടുതൽ ശക്തമാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഭരണഘടനയുടെ അനുഛേദം 356 പോലുള്ള വ്യവസ്ഥകൾ ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനഭരണം ഏറ്റെടുക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്നു. ചർച്ചകളില്ലാതെ സംസ്ഥാനങ്ങളുടെ അതിർത്തി പുനർനിർണയിക്കുക, ആഭ്യന്തര അടിയന്തരാവസ്ഥ, സാമ്പത്തിക അസന്തുലിതാവസ്ഥ തുടങ്ങിയവ അർധ ഫെഡറൽ സ്വഭാവമുള്ളതാണ്. ഒരിക്കലും ഉപയോഗിക്കരുതെന്ന അർഥത്തിൽ ഭരണഘടനാ ശിൽപി വിശേഷിപ്പിച്ച വ്യവസ്ഥയാണ് ഏറ്റവും അമിതമായി ഉപയോഗിച്ചത്.ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ ഉൾക്കൊള്ളുമ്പോഴും പ്രായോഗികതലത്തിൽ നിരന്തരം പ്രശ്‌നങ്ങൾ ഉടലെടുക്കുന്നു. നാനാത്വത്തിൽ ഏകത്വം എന്നത് രാജ്യത്തിന്റെ സവിശേഷതയാണ്. എന്നാൽ ഏകത്വം എന്ന സങ്കൽപത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ല.
കേന്ദ്ര, സംസ്ഥാന, തദ്ദേശ സർക്കാരുകൾ പിരമിഡിന്റെ ഘടനയിലാണു പ്രവർത്തിക്കുന്നത്. ഇത് അധികാര കേന്ദ്രീകരണത്തിനു സഹായകമാണ്. ഈ ഘടന വൃത്തരൂപത്തിലാകണം.പൊതുമേഖലയെ കൈവിട്ട് ഉദാരവൽക്കരണത്തെ അനുകൂലിക്കുകയും സേവന മേഖലകളിൽ നിന്നുൾപ്പെടെ സർക്കാരിനെ പിന്തിരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങൾ അടിച്ചേൽപിക്കുകയാണ്. ആ നയങ്ങളുടെ വക്താക്കൾ അവകാശപ്പെട്ട നേട്ടം ഉണ്ടായിട്ടില്ല. കൂടുതൽ പ്രതിസന്ധികളിലേക്കു സമ്പദ്ഘടന കൂപ്പുകുത്തി. പൗരസ്വാതന്ത്ര്യവും സമ്മതിദാനാവകാശവും നിർഭയം ആസ്വദിക്കാൻ കഴിയുന്ന പൗരന്മാരാണ് ഉണ്ടാകേണ്ടത്. എങ്കിൽ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികത്തെ മഹത്വത്തിന്റെ ആഘോഷമാക്കി മാറ്റാനാകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Leave a Reply