സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അകൗണ്ട് ഉടമകളെ മൊബൈൽ ആപ്പിൻ്റെ പേരുപറഞ്ഞ് തട്ടിപ്പിന് ഇരയാക്കി. എസ്.ബി.ഐ യുടെ തന്നെ യോനോ ആപ്പിൻ്റെ പേരിലാണ് തട്ടിപ്പ്. എസ്.എം.എസ് അയച്ചായിരുന്നു കബളിപ്പിക്കലെന്ന് പൊലീസ്.
ബാങ്കിൽ നിന്നെന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് സന്ദേശമയക്കലാണ് തതട്ടിപ്പൻ്റെ ആദ്യപടി. യോനോ (YONO) ബാങ്കിങ് അപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടു എന്നും പറഞ്ഞ് എസ്.എം.എസ് (SMS) സന്ദേശം അയക്കുന്നു. ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയും ഈ സമയം എസ്.ബി.ഐ. യുടേതാണെന്ന് തോന്നിപ്പിക്കുന്ന വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, ചെയ്യുന്നു. അവിടെ യൂസർനെയിം, പാസ് വേഡ്, ഒ.ടി.പി എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാർത്ഥ എസ്.ബി. ഐ വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നു. ബാങ്ക് അകൗണ്ടിലുള്ള പണം നഷ്ടപ്പെടുന്നു. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബർ പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
തട്ടിപ്പിനിരയാകാതിരിക്കാൻ ചില മാർഗങ്ങളും പൊലീസ് പങ്കുവച്ചിട്ടുണ്ട്.
- എസ്.ബി. ഐ ബാങ്കിൽ നിന്ന് എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈൽ നമ്പറുകളിൽ നിന്ന് വരുന്ന എസ്.എം.എസ് സന്ദേശങ്ങളിൽ വിശ്വസിക്കരുത്.
- എസ്.എം.എസുകളിൽ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.
- ബാങ്കിങ്ങ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ യു.ആർ.എൽ (URL) ശ്രദ്ധിക്കുക. എസ്.ബി.ഐ അല്ലെങ്കിൽ ഇതര ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകൾ നടത്തണം.
- സംശയം തോന്നുന്ന പക്ഷം ബാങ്ക് ശാഖയുമായി ബന്ധപ്പെടണം.