സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. കൊവിഡ് സാഹചര്യവും യുക്രെയിനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ മടക്കവും ചർച്ചയാകും. വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിൽ നോർക്ക മികച്ച പ്രവർത്തനം നടത്തിയെന്നാണ് സർക്കാർ വിലയിരുത്തൽ.
ഇതുവരെ 3097 മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചെന്ന് കേരള ഹൗസ് അധികൃതർ അറിയിച്ചിരുന്നു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നിന്നാണ് വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചത്. ഡൽഹി വിമാനത്താവളം വഴി മാത്രം 2633 മലയാളികൾക്ക് യാത്ര സൗകര്യമൊരുക്കി. രാജ്യത്ത് അധികം വിദ്യാർത്ഥികൾ മടങ്ങിയെത്തിയ സംസ്ഥാനം കേരളമാണ്. ഇതുവരെ 15 ചാർട്ടേർഡ് വിമാനങ്ങൾ കൊച്ചിയിലേക്ക് സർവീസ് നടത്തിയെന്നും കേരള ഹൗസ് അധികൃതർ അറിയിച്ചു.
അതേസമയം, കാബിനറ്റിന് ശേഷം വൈകീട്ട് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ സൗഹൃദ കാബിനറ്റ് ചേരും. വൈകീട്ട് ആറു മുതൽ ഏഴ് വരെയാണ് പരസ്പര ബന്ധം മെച്ചപ്പെടുത്താനുള്ള ഈ കൂടിച്ചേരൽ. എല്ലാ മാസവും ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വൈകീട്ടുള്ള സൗഹൃദ കൂടിച്ചേരൽ തുടരാനാണ് തീരുമാനം.