
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 29-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നവീകരിച്ച വെബ്സൈറ്റ്, വീഡിയോ കോണ്‍ഫറന്‍സ് വെബ് ആപ്പ്, ഇലക്ഷന്‍ ഗൈഡ് എന്നിവയുടെ പ്രകാശനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ സന്നിഹിതനായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയ ലളിതമാക്കുന്നതിനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന സംരംഭങ്ങളാണ് കമ്മീഷന്‍ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തില്‍ യോഗങ്ങളും പരിശീലനങ്ങളും കേസുകളുടെ ഹിയറിംഗുകളും ഓണ്‍ലൈനായി നടത്തുന്നതിന് വെബ്, മൊബൈല്‍ ആപ്പ് രൂപത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.
കമ്മീഷന്റെ നിലവിലുള്ള വെബ് സൈറ്റുകള്‍ ഏകീകരിച്ച് സമഗ്രമായി പരിഷ്‌ക്കരിച്ചതാണ് നവീകരിച്ച വെബ്സൈറ്റ്. നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെയാണ് വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കമ്മീഷന്റെ വിവിധ പ്രവര്‍ത്തനങ്ങളും സേവനങ്ങളും അനുബന്ധ വിവരങ്ങളും സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. www.sec.kerala.gov.in ആണ് വിലാസം.