Spread the love
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിൽവർ ലെെൻ പദ്ധതിയിൽ മനംമാറ്റവുമായി സംസ്ഥാന സർക്കാർ.

സിൽവർലൈൻ പദ്ധതിയിൽ ആവശ്യമായ രീതിയിൽ മാറ്റം വരുത്താൻ സർക്കാർ തയ്യറാവുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. സില്‍വര്‍ലൈനില്‍ എന്തെങ്കിലും പ്രശ്നം ജനങ്ങള്‍ അഭിമുഖീകരിക്കുമെന്ന് കണ്ടാല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ആവശ്യമായ രീതിയില്‍ ഡി.പി.ആറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്നാണ് അറിയിച്ചത്.

‘എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തില്‍ സില്‍വര്‍ലൈന്‍ നടപ്പിലാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ഇച്ഛാശക്തി ഈ സര്‍ക്കാരിനുണ്ട്. സില്‍വര്‍ലൈനില്‍ എന്തെങ്കിലും പ്രശ്നം ജനങ്ങള്‍ അഭിമുഖീകരിക്കുമെന്ന് കണ്ടാല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ആവശ്യമായ രീതിയില്‍ ഡിപിആറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവും. ഡിപിആര്‍ ഇരുമ്പുലക്കയല്ല. അങ്ങിനെ ആരും ധരിച്ചുവെക്കേണ്ട. സില്‍വര്‍ലൈനിന്റെ ഡിപിആറും തുടര്‍ന്ന് നടപ്പിലാക്കേണ്ട കാര്യങ്ങളും പ്രായോഗികതയുടെ അടിസ്ഥാനത്തിലാണ് അന്തിമമാക്കുക.

ഒരു പ്രൊജക്ടില്‍ ആദ്യം എഴുതി വെച്ച മുഴുവന്‍ കാര്യങ്ങളും അതേപടി നടക്കണം, ഒന്നും മാറ്റാന്‍ പാടില്ല, അത് ഇരുമ്പുലക്ക പോലെ മാറ്റമില്ലാതെ നില്‍ക്കും എന്നുള്ളതൊക്കെ തെറ്റിദ്ധാരണയാണ്. അത്തരത്തില്‍ ഒരു പൊതുബോധമുണ്ടാക്കാനാണ് യു ഡി എഫും ബി ജെ പി, എസ് ഡി പി ഐ പോലുള്ള വര്‍ഗീയ സംഘടനകളും ചേര്‍ന്ന മഴവില്‍സഖ്യം ശ്രമിക്കുന്നത്.

ഈ സര്‍ക്കാര്‍ കേരളത്തോട് പ്രതിബദ്ധതയുള്ള, ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാറാണ്. വീടും പുനരധിവാസവും ഉറപ്പാക്കി മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളു. ഒരാള്‍ക്കും ഇതുകൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയില്ല. ഉണ്ടാവാന്‍ സര്‍ക്കാര്‍ സമ്മതിക്കുകയുമില്ല. കള്ളക്കഥകള്‍ മെനഞ്ഞ്, നുണപ്രചാരവേല നടത്തി സര്‍ക്കാരിനെതിരായ വികാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. കെ റെയിലിനെ യു ഡി എഫും അവരുടെ മഴവില്‍സംഖ്യവും ഭയക്കുന്നത് ഇതിലൂടെ രാജ്യത്തിന് മാതൃകയാവുന്ന അമ്പത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ വികസന വളര്‍ച്ചയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ മുന്നേറ്റം ഉണ്ടാവുമെന്നതുകൊണ്ടാണ്. ആ നേട്ടം എല്‍ ഡി എഫ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയാല്‍ ഈ വിക്രസുകാര്‍ക്ക് നിലനില്‍പ്പുണ്ടാകില്ല. മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീരുകാണണം എന്നാഗ്രഹിക്കുന്ന ദുഷ്ടമനസ്സാണ് ഇക്കൂട്ടര്‍ക്കുള്ളത്. ജനങ്ങള്‍ അത് തിരിച്ചറിയുന്നുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്തിലൂടെ യു ഡി എഫിനും മഴവില്‍സഖ്യത്തിനും ജനവികാരം മനസ്സിലാക്കാനാവും.’ മന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

Leave a Reply