‘കുഞ്ഞുങ്ങൾക്കൊപ്പം’ സംസ്ഥാന തല ഉദ്ഘാടനം എടത്തിരുത്തിയിൽ
വിദ്യാലയങ്ങളെയും അധ്യാപകരെയും കാണാതെ കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസിന് മുന്നിലിരിക്കുന്ന പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി ‘കുഞ്ഞുങ്ങൾക്കൊപ്പം’ പദ്ധതി. പദ്ധതിയുടെ സംസ്ഥാന തല ഉദ്‌ഘാടനം ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ജി എൽ പി എസിൽ ഒക്ടോബർ 24ന് വൈകീട്ട് അഞ്ചിന് ഉന്നതവിദ്യാഭ്യാസമന്ത്രി പ്രൊഫ. ആർ ബിന്ദു നിർവ്വഹിക്കും. സംസ്ഥാനമൊട്ടാകെ രണ്ട് മാസം കൊണ്ട് പദ്ധതി വ്യാപിപ്പിക്കും.
കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പരിശീലനം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രീ പ്രൈമറി വിഭാഗത്തിലെ രക്ഷിതാക്കൾക്കായി നടത്തുന്ന പരിപാടിയിൽ പഞ്ചേന്ദ്രിയ പരിശീലനം, കഥ ചൊല്ലൽ, പാട്ട് പാടൽ, ക്രാഫ്റ്റ് നിർമ്മാണം എന്നിവയിലുള്ള പരിശീലനമാണ് ഉൾക്കൊള്ളിക്കുക. പ്രീ പ്രൈമറി അധ്യാപകർ എങ്ങനെയാണോ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്, അതേ രീതി തന്നെ രക്ഷിതാക്കളെയും പഠിപ്പിക്കും. കോവിഡ് കാലഘട്ടത്തിൽ വീടുകൾ ക്ലാസ് മുറികളായപ്പോൾ അധ്യാപകരെ നേരിൽ കാണാതെ വിദ്യ അഭ്യസിക്കുന്ന കുഞ്ഞുങ്ങൾക്ക് രക്ഷിതാക്കൾ തന്നെ അധ്യാപകരായി മാറും.
പദ്ധതിയുടെ സ്വാഗത സംഘം രൂപീകരണം എടുത്തുരുത്തി പഞ്ചായത്തിൽ നടന്നു. 24ന് നടക്കുന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിക്കും. മതിലകം ബ്ലോക്ക് പ്രസിഡന്റ് സി കെ ഗിരിജ, എടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു, ടി എസ് സജീവൻ മാസ്റ്റർ, പരിഷത്ത് മേഖലാ സെക്രട്ടറി എം രാഗിണി, ടി എൻ തിലകൻ, വി കെ ജ്യോതി പ്രകാശ്, തദ്ദേശ ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.