സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം മാതൃകാപരമെന്നും രാജ്യം അത് പ്രത്യേകതയോടെ ശ്രദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഭക്ഷ്യ – പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നവീകരിച്ചതും പുതയതായി ആരംഭിക്കുന്ന 25 സപ്ലൈകോ വിൽപ്പനശാലകളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയില്‍ കൊഴിഞ്ഞാമ്പാറ,മുണ്ടൂര്‍,നെന്മാറ എന്നീ കേന്ദ്രങ്ങളിൽ മൂന്ന് ഔട്ട്ലെറ്റുകളാണ് ഉദ്ഘാടാനം ചെയ്തത്.
2016 ൽ സപ്ലൈകോ മുഖേന വിതരണം ചെയ്ത 13 അവശ്യ സാധനങ്ങളുടെ വില വർദ്ധിപ്പിക്കില്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. 2021 വരെയും ഇപ്പോഴും സാധനങ്ങൾക്ക് വില വർധിപ്പിക്കാതെയാണ് വിതരണം ചെയ്യുന്നത്. സപ്ലൈകോ മുഖേന ന്യായമായ വിലയ്ക്ക് ഉന്നത ഗുണനിലവാരമുള്ള സാധനങ്ങൾ നൽകി വിശ്വസ്തമായ രീതിയിലാണ് പ്രവർത്തിച്ച് വരുന്നത്. സപ്ലൈകോയുടെ കൂടുതൽ ഔട്ട്‌ലെറ്റുകൾ വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ജനപിന്തുണയോടെ സപ്ലൈകോ പുതിയ മാനങ്ങളിലേക്ക് വരുമെന്നതിൽ സംശയമില്ല. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുക ലക്ഷ്യമിട്ടാണ് പുതിയ സപ്ലൈകോ ഔട്ട്ലെറ്റുകൾ തുറക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ ജനകീയ ഹോട്ടലും കമ്മ്യൂണിറ്റി കിച്ചണും മുന്നോട്ട് പോവുന്നതിന് ആവശ്യമായ വിഭവങ്ങൾ ഒരുക്കിയത് സപ്ലൈകോ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈനായി നടന്ന പരിപാടിയിൽ ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ അധ്യക്ഷനായി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, വി.കെ ശ്രീകണ്ഠന്‍ എം.പി, എം.എൽ എ മാരായ എ പ്രഭാകരൻ, കെ.ബാബു, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ്, നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രഭിത ജയന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്