Spread the love

കോഴിക്കോട്∙ ഉദയനിധി സ്റ്റാലിന്റെ സനാതനധർമ്മ വിരുദ്ധ പ്രസ്താവനയോടുള്ള കോൺഗ്രസ് നിലപാട് മ്ലേച്ഛമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഐഎൻഡിെഎഎ മുന്നണിയുടെ തമിഴ്നാട്ടിലെ മന്ത്രിക്കെതിരെ രാജ്യ വ്യാപകമായ വലിയ പ്രതിഷേധമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ഐഎൻഡിെഎഎ മുന്നണിയിൽ തന്നെ എതിർപ്പുണ്ടാകുമ്പോഴും കോൺഗ്രസിന്റെ സമീപനം അതിശയിപ്പിക്കുന്നതാണ്. കെ.സി. വേണുഗോപാൽ, സ്റ്റാലിന്റെ പരാമർശം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുകയാണ്. മഹാത്മാഗാന്ധി താനൊരു സനാതന ഹിന്ദുവാണെന്ന് അഭിമാനപൂർവ്വം പറഞ്ഞയാളാണ്. ഗാന്ധിയുടെ കോൺഗ്രസ് രാഹുലിന്റെ കോൺഗ്രസായി മാറിക്കഴിഞ്ഞു.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കണം. സിപിഎം എല്ലാക്കാലത്തും സനാതന ധർമ്മത്തിനെതിരാണ്. എന്നാൽ കോൺഗ്രസ് എന്തുകൊണ്ടാണ് സനാതന ധർമ്മ വിരുദ്ധതയെ പിന്തുണയ്ക്കുന്നതെന്ന് അവർ വ്യക്തമാക്കണം. മതനിരപേക്ഷ പാർട്ടിയെന്ന് പറയുന്ന കോൺഗ്രസ് എന്തുകൊണ്ടാണ് ഭൂരിപക്ഷ വിഭാഗങ്ങളെ ഉൻമൂലനം ചെയ്യുമെന്ന പ്രസ്താവനയെ എതിർക്കാത്തതെന്ന് മനസിലാകുന്നില്ല. മമത ബാനർജി, സ്റ്റാലിന്റെ പ്രസ്താവനയെ എതിർത്തു കഴിഞ്ഞു. കോൺഗ്രസിന്റെ നിലപാട് രാജ്യദ്രോഹപരമാണ്. കോൺഗ്രസ് നിലപാടില്ലാത്ത പാർട്ടിയായി മാറി കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.പുതുപ്പള്ളിയിൽ കോൺഗ്രസിനും സിപിഎമ്മിനും രാഷ്ട്രീയം പറയാനില്ലായിരുന്നു. മുഖ്യമന്ത്രി നാല് തവണ വന്നിട്ടും തനിക്കും കുടുംബത്തിനുമെതിരെ മാസപ്പടി ഉൾപ്പെടെ ഉയർന്ന ഒരു ആരോപണത്തിനും മറുപടി പറഞ്ഞില്ല. വികസന പ്രശ്നങ്ങൾ ഉയർത്തുമ്പോൾ കോൺഗ്രസ് ആവടെ ഉമ്മൻ ചാണ്ടിയെ പറ്റി പറയരുതെന്നാണ് പറഞ്ഞത്. അരാഷ്ട്രീയമായ തിരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ മാറ്റാൻ ശ്രമം നടന്നു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ സൂത്രധാരൻ എ.സി. മൊയ്തീനാണ്. തട്ടിയെടുത്ത പണം പോയത് സിപിഎം നേതാക്കളിലേക്ക് തന്നെയാണ്. സഹകരണ ബാങ്കുകളിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ബിജെപി സഹകരണ അദാലത്തുകൾ നടത്തുകയാണ്. എല്ലാ സഹകരണ തട്ടിപ്പുകൾക്കുമെതിരെ ബിജെപി പ്രതിഷേധിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഒബിസി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻപി രാധാകൃഷ്ണൻ, ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് ടി.ബാലസോമൻ എന്നിവർ സംബന്ധിച്ചു.

Leave a Reply