
കോന്നി : തന്റെ 13 വർഷത്തെ സർവീസിനിടയ്ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും തിരിച്ചെത്താൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും കൊക്കാത്തോട്ടിൽ അകപ്പെട്ട കെഎസ്ആർടി ബസിലെ വനിത കണ്ടക്ടർ കൊല്ലം പത്തനാപുരം കടുവാത്തോട് സ്വദേശി സീന ബീവി പറയുന്നു. കോട്ടാംപാറയിൽനിന്നു തിരിച്ച് കോന്നിക്കുള്ള ട്രിപ്പിൽ ഇഞ്ചച്ചപ്പാത്ത് എത്തിയപ്പോഴാണ് വെള്ളം കുതിച്ചൊഴുകിയെത്തുന്നത് കാണുന്നത്. അപ്പോൾതന്നെ മനസ്സിൽ കരുതി ഉരുൾപൊട്ടലാണെന്ന്.
പെട്ടെന്നുതന്നെ ഡ്രൈവർ ബസ് പിന്നിലേക്ക് എടുത്ത് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. അപ്പോഴേക്കും നാട്ടുകാർ എത്തി തൊട്ടടുത്തുള്ള വീട്ടിലേക്കു കൊണ്ടുപോയി. ആ സമയം അവിടേക്ക് മലവെള്ളപ്പാച്ചിലിൽ കല്ലും മണ്ണും ഒഴുകിയെത്തി. പെട്ടെന്ന് അവിടെനിന്ന് മറ്റൊരു വീട്ടിലേക്കു മാറി. പിന്നീട് കോന്നി സ്റ്റേഷനിൽനിന്ന് കണ്ടക്ടർ സജീവ്, വെഹിക്കിൾ സൂപ്പർവൈസർ അനിൽ, സെക്യൂരിറ്റി ശ്രീകുമാർ, ഡ്രൈവർ സതീഷ് കുമാർ എന്നിവരടങ്ങുന്ന സംഘം കെഎസ്ആർടിസി ബസിലാണ് വയക്കരയിൽ എത്തിയത്.
ഇവിടെനിന്ന് രാത്രിയിൽ കാട്ടിലൂടെ ആനത്താര കടന്ന് ഒരേക്കറിലെത്തി ഡ്രൈവർ പുളിഞ്ചാണി സ്വദേശി ഹാറൂൺ, സീന ബീവി എന്നിവരുമായി തിരികെ വയക്കരയിൽ എത്തിയാണ് ബസിൽ കയറ്റി കോന്നിയിലേക്കു കൊണ്ടുവന്നത്. ആനത്താരയുള്ള കാട്ടിലൂടെ ജീവൻ പണയംവച്ചുള്ള രക്ഷാപ്രവർത്തനമാണ് കെഎസ്ആർടിസി ജീവനക്കാർ നടത്തിയത്. കോന്നിയിൽ എത്തിയപ്പോൾ രാത്രി 12 കഴിഞ്ഞിരുന്നു.