
തിരുവനന്തപുരം: വര്‍ക്കലയില്‍ വിവിധ ഇടങ്ങളില്‍ നിന്നും വന്‍തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു. മത്സ്യ വ്യാപാരത്തിന്റെ മറവില്‍ പ്രദേശത്ത് എത്തിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലായി നാല് പേരെ പോലീസ് പിടികൂടി നടപടികള്‍ സ്വീകരിച്ചു.
വര്‍ക്കല സ്വദേശികളായ സിദ്ധിഖ് ഷെമീര്‍(32), അന്‍സാരി (42), ഷാനവാസ് (32), വാഹിദ് (70) എന്നിവരെയാണ് വര്‍ക്കല പോലീസ് പിടികൂടിയത്. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി അമിത ലാഭത്തിനായി വില്‍പ്പനയ്ക്ക് എത്തിച്ച നിരോധിത പുകയില ഉല്പനങ്ങളുമായാണ് സിദ്ധിഖ് ഷെമീര്‍, അന്‍സാരി, ഷാനവാസ് എന്നിവര്‍ പിടിയിലാകുന്നത്. തുടര്‍ന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീടുകളില്‍ നടത്തിയ പരിശോധനയില്‍ വാഹിദിന്റെ വീട്ടില്‍ നിന്നും 3 ചാക്ക് നിറയെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
ഹാന്‍സ്, കൂള്‍, ശംഭു എന്നിവയാണ് പിടിച്ചെടുത്തവയില്‍ കൂടുതലും എന്ന് വര്‍ക്കല എസ്എച്ച്ഒ എസ് സനോജ് പറഞ്ഞു. പിടിയിലായ അന്‍സാരി വര്‍ക്കല പാലച്ചിറയില്‍ മത്സ്യ വ്യാപാരത്തിന്റെ മറവിലാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തുന്നത്. സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങി പോകുന്നത് പതിവാണെന്ന് നാട്ടുകാരും പറയുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
പ്രദേശത്തെ ബങ്ക് കടകള്‍ കേന്ദ്രീകരിച്ചും വ്യാപകമായ വില്‍പ്പന നടന്ന് വന്നിരുന്നു. സമീപത്തെ പൊതു കിണറ്റിലാണ് ഇവര്‍ ഈ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നതും, വലിയ പാക്കറ്റുകളുടെ കവറുകള്‍ പൊട്ടിച്ച ശേഷം ഉപേക്ഷിക്കുന്നത് എന്നും എന്ന് പോലീസ് പരിശോധയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ നടപടി കൈക്കൊള്ളാന്‍ ചെമ്മരുതി പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കുമെന്നും പോലീസ് പറഞ്ഞു.
മത്സ്യ വ്യാപാരത്തിന്റെ മറവില്‍ പൂവാ , തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും വന്‍തോതിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഇവിടെ വില്‍പ്പനയ്ക്ക് എത്തുന്നത്. വര്‍ക്കലയിലെ സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ ഇത്തരം ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കാര്യക്ഷമമായ രീതിയില്‍ പരിശോധനകള്‍ ശക്തമാക്കും എന്ന് വര്‍ക്കല എസ്എച്ച്ഒ എസ് സനോജ് അറിയിച്ചു.