Spread the love
കേരളത്തിൽ വര്‍ദ്ധിച്ചുവരുന്ന തെരുവ് നായ ആക്രമണം: ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഈ വെള്ളിയാഴ്ച  പരിഗണിക്കാൻ സുപ്രീംകോടതി  തീരുമാനിച്ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ്, നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചത്.

സുപ്രീംകോടതിയുടെ പരിഗണനയിൽ നേരത്തെയുള്ള കേസിൽ കേരളത്തിലെ നിലവിലത്തെ സാഹചര്യം ഹ‍ർജിക്കാരൻ അറിയിക്കുകയായിരുന്നു.

ഓഗസ്റ്റിൽ മാത്രം കേരളത്തില്‍ 8 പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹര്‍ജിക്കാരനായ സാബു സ്റ്റീഫന്‍റെ അഭിഭാഷകന്‍ വി.കെ. ബിജു സുപ്രീംകോടതിയെ അറിയിച്ചു. ഇതിൽ രണ്ടു പേർ പ്രതിരോധ വാക്സീൻ എടുത്തവരാണ്. പ്രതിരോധ വാക്സീന്റെ ഫലപ്രാപ്തിയെ കുറിച്ച് പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിലവിൽ ഒരു സമിതിയെ രൂപീകരിച്ചുണ്ട്.

എന്നാൽ, സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് ഇപ്പോഴും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ഹർജി  അടിയന്തരമായി പരിഗണിക്കാൻ കോടതി  തീരുമാനിച്ചത്.

ഈ വിഷയത്തിൽ ജസ്റ്റിസ് സിരിജഗൻ നേരത്തെ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു.  തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ചുള്ള ശുപാര്‍ശ നല്‍കാൻ ഈ കമ്മീഷനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply