തെരുവുനായ്ക്കളെ അരുമകളാക്കി മാറ്റിയവരാണ് നടി അമല, തൃഷ തുടങ്ങിയവർ. തെരുവുനായ്ക്കളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കാനായി തൃഷ നിരവധി പരിപാടികളിൽ പങ്കെടുക്കാറുണ്ട്. പെറ്റയിലെ ഒഴിച്ചുകൂടാനാകാത്ത അംഗമാണ് നടി. നിരവധി നായ്ക്കളെയാണ് നടി തന്റെ കുഞ്ഞുങ്ങളായി വളർത്തുന്നത്. അതിൽ എടുത്തുപറയേണ്ട ഒരാളാണ് കാഡ്‌ബറി എന്ന നായ. ഹൈദരാബാദിൽ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് നടൻ സിദ്ധാർഥും തൃഷയും കാഡ്‌ബറിയെ ആദ്യമായി കാണുന്നത്. കാലുവയ്യാത്തതിനാൽ നടക്കാൻ പോലുമാകാതെ മഴയിൽ ഇഴയുകയായിരുന്നു. നായ്ക്കുട്ടിയെ ചികിത്സയ്ക്ക് വിധേയമാക്കുകയും പിന്നീട് ചെന്നൈയിലെ വീട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നു.
കാഡ്ബറി എന്ന് പേരിട്ടെങ്കിലും കാഡു എന്നാണ് തൃഷ അവനെ വിളിച്ചിരുന്നത്. പെറ്റയുടെ പരസ്യത്തിൽ തൃഷയ്ക്കൊപ്പം നായ എത്തിയിട്ടുണ്ട്. അരുമയ്ക്കൊപ്പമുള്ള നിരവധി വിഡിയോകളും നടി സോഷ്യൽമിഡിയയിൽ പോസ്റ്റ് ചെയ്യുമായിരുന്നു. 9 വർഷം തൃഷയ്‌ക്കൊപ്പം ഉണ്ടായിരുന്ന കാഡ്ബറി 2013ലാണ് മരണപ്പെട്ടത്. വയറ്റിലുണ്ടായ ട്യൂമർ നീക്കം ചെയ്യുന്നതിനിടെയാണ് മരണം.