Spread the love

നെടുമ്പാശേരി ∙ ദേശീയപാതയിൽ അത്താണിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തെരുവുനായ്ക്കൾ കയ്യടക്കി. മഴ നനഞ്ഞും യാത്രക്കാർ പുറത്ത് ബസ് കാത്തു തെരുവിൽ നിൽക്കേണ്ട സ്ഥിതിയാണ്. അത്താണിയിലെ വിമാനത്താവള റോഡ് കവലയിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്. വിമാനത്താവളത്തിൽ നിന്നെത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസിൽ പോകാനെത്തുന്നതടക്കമുളള യാത്രക്കാർ വരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്. മുൻ എംപി ഇന്നസെന്റിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. ഇരിപ്പിടവും മറ്റും സൗകര്യപ്പെടുത്തിയിട്ടുണ്ട്. രാപ്പകൽ ഭേദമില്ലാതെയാണ് ബസ് സ്റ്റോപ്പിലും പരിസരങ്ങളിലും നായ്ക്കൾ അലയുന്നത്.

നാല് മൂലകളിലും നായ്ക്കൾ കേന്ദ്രീകരിച്ചിരിക്കുന്നതറിയാതെ ഇരിപ്പിടം ലക്ഷ്യമാക്കി ഇവിടേക്ക് കയറുന്ന യാത്രക്കാർക്കു നേരെ നായ്ക്കൾ ചാടി വീഴുകയാണ്. വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ നിരന്തരം നായ്ക്കളുടെ ഉപദ്രവത്തിനിരയാകുന്നു എന്നാണ് പരാതി.കഴിഞ്ഞ ദിവസം വൈകിട്ട് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വീട്ടമ്മയ്ക്കു നേരെ പിറകിൽ നിന്ന് കൂട്ടത്തോടെയെത്തിയ നായ്ക്കളുടെ ഉപദ്രവമുണ്ടായി. ആക്രമണത്തിൽ റോഡിൽ വീണ വീട്ടമ്മയെ മറ്റ് യാത്രക്കാർ ഓടിയെത്തിയാണ് രക്ഷിച്ചത്. തെരുവുനായ്ക്കളെ പേടിച്ച് ഇപ്പോൾ പലരും ബസ് സ്റ്റോപ്പിലേക്ക് വരാൻ പോലും മടിക്കുകയാണ്.

Leave a Reply