കുടുംബശ്രീയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമാക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്ത്രീശക്തീ വനിതാ കലാജാഥയുടെ സംസ്ഥാനതല പരിശീലനക്കളരി ജനുവരി 10 തിരുവനന്തപുരം മൺവിളയിലെ അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുമെന്ന് സ്ത്രീപക്ഷ നവകേരളം ക്യാമ്പയിൻ അംബാസഡർ നിമിഷ സജയൻ അറിയിച്ചു. സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നും മൂന്ന് കലാകാരികൾ വീതമാണ് പരിശീലന കളരിയിൽ പങ്കെടുക്കുന്നത്. ഇവർ അവരവരുടെ ജില്ലകളിലെ ജില്ലാ സ്ത്രീശക്തീ കലാജാഥകളുടെ പരിശീലകരായിരിക്കും. ഫെബ്രുവരി ആദ്യവാരം എല്ലാ ജില്ലകളിലും സ്ത്രീശക്തീ വനിതാ കലാജാഥകൾ പര്യടനം നടത്തും. തദ്ദേശ ഭരണ പ്രദേശങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ എല്ലാ അയൽക്കൂട്ട പ്രദേശങ്ങളിലേയും കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്.