Spread the love

തൃപ്പൂണിത്തുറ : നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമെന്നു പരാതി. എസ്എൻ ജംക്‌ഷൻ, പഴയ ബസ് സ്റ്റാൻഡ് പരിസരം, കിഴക്കേക്കോട്ട, പള്ളിപ്പറമ്പ്കാവ് പരിസരം, തെക്കുംഭാഗം, എരൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ് കൂട്ടം വിലസുന്നത്. രാത്രി നഗരത്തിലെ റോഡുകളിലൂടെ നടക്കുമ്പോൾ ഏതു നിമിഷവും തെരുവ് നായ്ക്കൾ ആക്രമിച്ചേക്കാം എന്ന സ്ഥിതിയാണ് ഇപ്പോൾ.

വഴിയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭീഷണിയാകുന്ന തരത്തിലാണു തെരുവുനായ്ക്കളുടെ വർധനയെന്നു നാട്ടുകാർ പറയുന്നു. പലരും ആക്രമണത്തിൽ നിന്നു രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്. ഇരുചക്രവാഹനങ്ങൾക്കു പിന്നാലെ നായ്ക്കൾ കൂട്ടമായി ഓടി വരുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ശാന്തമായി കിടക്കുന്ന ഇവ ആളുകൾ സമീപത്ത് എത്തുമ്പോഴാണു കുരച്ചു ചാടുന്നത്.

റോഡുകളിൽ തള്ളുന്ന ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടവും മറ്റും ഭക്ഷിക്കാനാണു തെരുവുനായ്ക്കൾ കൂട്ടമായി എത്തുന്നത്. രാവിലെ ഓടാനും നടക്കാനും പോകുന്നവർ, പത്ര വിതരണക്കാർ, പാൽ വിതരണക്കാർ, രാത്രി ജോലി കഴിഞ്ഞു പോകുന്നവർ തുടങ്ങിയ ആളുകൾ തെരുവുനായ്ക്കളുടെ ശല്യം മൂലം പൊറുതിമുട്ടുന്നുണ്ട്. വീട്ടിൽ വളർത്തുന്ന നായ്ക്കളെയും മറ്റും തെരുവുനായ്ക്കൾ ആക്രമിക്കുന്ന സംഭവവും ഉണ്ടാകുന്നുണ്ട്.

Leave a Reply