പത്തനംതിട്ട : തെരുവുനായയുടെ ആക്രമണത്തിൽ നടൻ ഡോ. രജിത്കുമാർ അടക്കം മൂന്നു പേർക്കു പരുക്ക്. രജിത്തിനു പുറമേ, മലയാലപ്പുഴ പുത്തൻപുരയിൽ പി.ആർ.മുരുകദാസ്, തെങ്കാശി വീരശിഖാമണി സ്വദേശി രാജു എന്നിവർക്കാണു കടിയേറ്റത്. ഷൂട്ടിങ്ങിനായി നഗരത്തിൽ എത്തിയ രജിത് കുമാർ രാവിലെ അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തി അബാൻ ഭാഗത്തേക്കു നടന്നുവരുമ്പോഴാണ് നായ കാലിൽ കടിക്കുന്നത്. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികളാണ് നായയെ ഓടിച്ചുവിട്ട് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നത്.
തിരുവനന്തപുരത്തേക്കു പോകാൻ മലയാലപ്പുഴ ജംക്‌ഷനിലേക്ക് വെളുപ്പിന് 4 മണിയോടെ എത്തിയ മുരുകദാസിനെ ഓടിയെത്തിയ നായ കാലിൽ കടിച്ചു പരുക്കേൽപിക്കുകയായിരുന്നു. കണ്ണങ്കര ഭാഗത്തെ കടയിലെ തൊഴിലാളിയായ രാജു ചായ കുടിച്ചശേഷം സ്ഥാപനത്തിലേക്കു പോകുമ്പോഴാണ് നായ ആക്രമിക്കുന്നത്. ജനറൽ ആശുപത്രിയിൽ എത്തിച്ച മൂന്നു പേരെയും ചികിത്സ നൽകി വിട്ടയച്ചു.