
നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍.
സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന് പിന്നാലെയാണ് വനിതാ കമ്മീഷനും കേസെടുത്തത്.
ദേശീയ ടെസ്‌റ്റിങ് ഏജന്‍സിക്കും, കേരള പോലീസിനും കമ്മീഷന്‍ നോട്ടീസ് അയച്ചു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. സ്വീകരിച്ച നടപടികള്‍ മൂന്ന് ദിവസത്തിനുള്ളില്‍ വനിതാ കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.
അതേസമയം, നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അഞ്ച് വനിതാ ജീവനക്കാരെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സ്വകാര്യ സ്‌ഥാപനത്തിലെ മൂന്ന് പേരും കോളേജ് ജീവനക്കാരായ രണ്ടു പേരുമാണ് കസ്‌റ്റഡിയിലുള്ളത്.
സംഭവത്തില്‍ അധികൃതര്‍ ഇപ്പോഴും പരസ്‌പരം പഴിചാരുകയാണ്. തങ്ങള്‍ക്ക് പങ്കില്ലെന്ന വാദവുമായി പരീക്ഷ സെന്ററായി പ്രവര്‍ത്തിച്ച മാര്‍ത്തോമാ കോളേജും പരിശോധനയുടെ ചുമതല ഉണ്ടായിരുന്ന ഏജന്‍സിയും രംഗത്തെത്തി.
വിദ്യാര്‍ഥിനികളെ പരിശോധിക്കുന്ന ചുമതല എന്‍ടിഎ ഏല്‍പ്പിച്ചിരുന്നത് തിരുവനന്തപുരത്തെ സ്‌റ്റാര്‍ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു. ഇവര്‍ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാര്‍ നല്‍കി എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഈ ഉപകരാറുകാരന്‍ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെണ്‍കുട്ടികളെ അവഹേളിച്ചത്. എന്നാല്‍ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് തിരുവനന്തപുരത്തെ സ്‌റ്റാര്‍ ഏജന്‍സി പറയുന്നത്.
എന്നാല്‍ കുട്ടികള്‍ കരയുന്നത് കണ്ടപ്പോള്‍ തങ്ങളുടെ രണ്ട് വനിതാ ജീവനക്കാര്‍, മാനുഷിക സഹായം നല്‍കുക മാത്രമാണ് ചെയ്‌തത് എന്ന് പരീക്ഷാ സെന്റര്‍ ആയിരുന്ന ആയൂര്‍ മാര്‍ത്തോമാ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി അധികൃതര്‍ പറയുന്നു.
അഞ്ച് വിദ്യാര്‍ഥിനികള്‍ രേഖാമൂലം പരാതിപ്പെട്ടതോടെ അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. സൈബര്‍ പോലീസ് സംഘമാണ് കോളേജിലെത്തി പരീക്ഷാ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്.