Spread the love
കടുത്ത എതിർപ്പ്; കുറഞ്ഞ വിലയിൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഇരട്ടിയാക്കി ഇന്ത്യ

യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടെ, റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇരട്ടിയാക്കി ഇന്ത്യ. യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണം രണ്ടു മാസം പിന്നിടുമ്പോഴാണ് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ ഇരട്ടിയാക്കിയത്. യുക്രെയ്നെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎസും യൂറോപ്യൻ രാജ്യങ്ങളും കടുത്ത ഉപരോധം ഏർപ്പെടുത്തിയതോടെ, ഇതിനെ എതിരിടാനുള്ള റഷ്യയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് ഇന്ത്യയുടെ നീക്കം.

ആയുധ ഇടപാടുകൾ ഉൾപ്പെടെ റഷ്യയുമായി അടുത്ത ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ, ഇന്ധന ഇറക്കുമതിയിൽ ഇന്ത്യയെ സഹായിക്കാനുള്ള സന്നദ്ധത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പരസ്യമാക്കിയിരുന്നു. അതേസമയം, റഷ്യൻ ക്രൂഡ് ഓയിലിന് ഒട്ടേറെ രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിയതോടെ താരതമ്യേന കുറഞ്ഞവിലയിൽ അവിടെനിന്ന് ക്രൂഡ് ഓയിൽ വാങ്ങാമെന്നതാണ് ഇന്ത്യയെ ആകർഷിക്കുന്ന ഘടകം.

ഈ സാഹചര്യത്തിൽ റഷ്യയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാൻ യൂറോപ്യൻ യൂണിയനുമേൽ കടുത്ത സമ്മർദമുണ്ട്. കോവിഡ് വ്യാപനം നിമിത്തം ചൈനയിൽ ഒട്ടേറെ നഗരങ്ങൾ ലോക്ഡൗണിലായതും ഇറക്കുമതിക്ക് തിരിച്ചടിയാണ്. യുഎസും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്ക്കുമേൽ കടുത്ത ഉപരോധമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply