Spread the love

ആലപ്പുഴ∙ കാട്ടൂരിൽ പതിമൂന്നുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ. പൊലീസ് സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി. സിഡബ്ല്യുസി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. വിശദമായ അന്വേഷണത്തിന് നിർദേശം നൽകിയതായി ബാലാവകാശ കമ്മിഷൻ അറിയിച്ചു.

കാട്ടൂർ ഹനുമൽ ക്ഷേത്രത്തിന് സമീപം അഴിയകത്തു വീട്ടിൽ പ്രജിത്താണ്(13) 15ന് വൈകിട്ട് സ്കൂളിൽനിന്ന് മടങ്ങിയെത്തിയ ശേഷം സ്കൂൾ യൂണിഫോമിൽ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പ്രജിത്തിന്റെ മരണം സ്കൂൾ അധികൃതരുടെ മാനസിക പീഡനം മൂലമാണെന്ന് പ്രജിത്തിന്റെ പിതാവ് എ.പി.മനോജ് മുഖ്യമന്ത്രിക്കും കലക്ടർക്കും പൊലീസിനും പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

15ന് സ്കൂളിൽ വച്ചു സഹപാഠിക്ക് തലകറക്കം ഉണ്ടായപ്പോൾ വെള്ളം കുടിക്കാൻ പൈപ്പിനു സമീപത്തേക്ക് പ്രജിത്ത് ഒപ്പം പോയിരുന്നെന്നും ഈ സമയത്ത് ക്ലാസിലെത്തിയ അധ്യാപകൻ വിദ്യാർഥികളെ കാണാനില്ലെന്നു മൈക്കിലൂടെ അറിയിച്ചെന്നും പരാതിയിൽ പറയുന്നു. ഇതുകേട്ട് പ്രജിത്തും സുഹൃത്തും ക്ലാസിലേക്ക് ഓടിയെത്തിയപ്പോൾ അധ്യാപകൻ പ്രജിത്തിനെ ചൂരൽ ഉപയോഗിച്ച് തല്ലുകയും ശരീരപരിശോധന നടത്തുകയും ചെയ്തു.

കണ്ണിൽ സൂക്ഷിച്ച് നോക്കി ‘നീയൊക്കെ കഞ്ചാവാണല്ലേ ’എന്നു ചോദിച്ചു. മറ്റൊരു അധ്യാപികയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സ്കൂൾ വിട്ടപ്പോഴും ഇതേ അധ്യാപകനും അധ്യാപികയും ചേർന്ന് കുട്ടിയെ അപമാനിച്ചെന്നും മറ്റു വിദ്യാർഥികൾ കാൺകെ അധ്യാപകൻ മർദിച്ചെന്നും പിതാവിന്റെ പരാതിയിലുണ്ട്. സഹപാഠികളാണ് ഈ കാര്യങ്ങൾ പറഞ്ഞതെന്നും സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ ബസ് സ്റ്റോപ്പിൽ അധ്യാപകർ ആരെങ്കിലും ഉണ്ടോയെന്നു പ്രജിത്ത് പേടിയോടെ ചോദിച്ചെന്ന് ഒരു സഹപാഠി തന്നോടു പറഞ്ഞെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു.

Leave a Reply