Spread the love
ഓപ്പറേഷൻ തല്ലുമാലയിൽ കുടുങ്ങി വിദ്യാർഥികളും രക്ഷിതാക്കളും

മലപ്പുറം: ജില്ലയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ മിന്നൽപരിശോധനയായ ‘ഓപ്പറേഷൻ തല്ലുമാല’യിൽ കുടുങ്ങി വിദ്യാർഥികളും രക്ഷിതാക്കളും. ലൈസൻസില്ലാതെ വാഹനമോടിച്ച 53 വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് പോലീസിന്റെ ‘മിന്നലേ’റ്റത്. ഹൈസ്‌കൂൾതലം മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളാണ് ഇവർ. മതിയായ രേഖകളില്ലാതെ വണ്ടിയോടിച്ച 41 വിദ്യാർഥികളുടെ പേരിൽ കേസെടുത്തു. മൂന്നുപേരെ കയറ്റി ഇരുചക്രവാഹനമോടിച്ച 69 കുട്ടിഡ്രൈവർമാരാണ് ‘തല്ലുമാല’യിൽപെട്ടത്. ബൈക്ക് രൂപമാറ്റം വരുത്തിയതിന് 22 വിദ്യാർഥികൾ കുടുങ്ങി.

മൊത്തം ഇരുനൂറോളം കേസുകളുണ്ട്. വ്യാഴാഴ്ച മാത്രം 5,39,000 രൂപയോളം പിഴ ചുമത്തി.

സ്‌കൂളുകളിൽനിന്ന് മാത്രമായി 205 വാഹനങ്ങളാണ് പിടിച്ചെടുത്തത്. സ്‌കൂളുകളിൽ നിയമവിരുദ്ധമായി കൊണ്ടുവന്നതും പ്രായപൂർത്തിയാവാത്തവർ കൊണ്ടുവന്നതുമാണ് ഇവയെല്ലാം. മേലാറ്റൂർ ഹൈസ്‌കൂൾ പരിസരത്ത് ലഹരി ഉപയോഗിച്ചതിന് ഒരാൾക്കെതിരേ പോലീസ് നടപടിയെടുത്തു. അഞ്ചുപേരെ പോലീസ് ഉപദേശിച്ചുവിട്ടു.

സ്‌കൂളുകളിലെ ലഹരിവിൽപന, സംഘട്ടനങ്ങൾ, വാഹന ഉപയോഗം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയവ നിയന്ത്രിക്കാനാണ് ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം ‘ഓപ്പറേഷൻ തല്ലുമാല’ രൂപവത്കരിച്ചത്.

പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനമോടിച്ച കേസുകളിലെല്ലാം രക്ഷിതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.

Leave a Reply