ചുങ്കത്തറ (മലപ്പുറം) : ബൈക്കും ഗുഡ്സ് ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ, ഇവർക്ക് ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ. കോടാലിപ്പൊയിൽ പഞ്ചിലി മുഹമ്മദ് അജ്നാസ് (25) ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. ബൈക്കിന്റെ ആർസി ഓണർ കൂടിയായ മുഹമ്മദ് അജ്നാസിനെതിരെ പൊലീസ് ഇന്നലെത്തന്നെ കേസെടുത്തിരുന്നു. ഗുഡ്സ് ജീപ്പ് ഡ്രൈവർ കർണാടക ഗുണ്ടൽപേട്ട് സ്വദേശി ശേഷരാജി(34)നെതിരെയും കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ നടന്ന അപകടത്തിൽ ഷിബിൻരാജ് കൃഷ്ണ(14), എ.എസ്.യദു(14) എന്നിവരാണു മരിച്ചത്. ഇരുവരും ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ്.