സുമിയിൽ നിന്ന് ഒഴിപ്പിച്ച 694 വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നു. സുമിയിലടക്കം റഷ് വെടി നിർത്തൽ പ്രഖ്യാപിച്ചതോടെയാണ് മാനുഷിക ഇടനാഴി വഴി വിദ്യാർഥികളെ യുദ്ധ ഭൂമിയിൽ നിന്നും തിരിച്ചെത്തിച്ചത്. റഷ്യയുമായും യുക്രൈനുമായും ഇന്ത്യ നിരന്തരം നടത്തിയ നയതന്ത്ര ചർച്ചകൾക്ക് ഒടുവിലാണ് മാനുഷിക ഇടനാഴി തുറന്നു കിട്ടിയത്. തുടക്കത്തിൽ പലതവണ ആശങ്കകൾ ഉയർന്ന മാനുഷിക ഇടനാഴിയിലൂടെ വിജയകരമായി പൗരന്മാരെ പുറത്തെത്തിച്ച ആദ്യ രാജ്യമായി ഇന്ത്യ മാറുകയാണ്. പോൾട്ടോവയിൽ നിന്ന് ട്രെയിനിൽ യാത്ര തുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തി നഗരമായ ലവീവിൽ എത്തിച്ച ശേഷമാണ് ഇവിടെ നിന്ന് പോളണ്ട് അതിർത്തിയിൽ എത്തിയത്. പോളണ്ടിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ വിമാനങ്ങൾ അടക്കം തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുമി രക്ഷാദൗത്യം കൂടി വിജയിച്ചതോടെ ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗ വിജയകരമായ അന്തിമഘട്ടത്തിലേക്ക് എത്തി. പോളണ്ട് അതിർത്തിയിലെ നടപടികൾ കൂടി പൂർത്തിയായി കഴിഞ്ഞാൽ ഇന്ത്യയിലേക്ക് തിരിക്കാം. അതുവരെയുള്ള താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങൾ പോളണ്ടും വോളണ്ടിയർമാരും ചേർന്ന് ഒരുക്കിയിട്ടുണ്ട്.