കാര്‍ബണ്‍ ന്യൂട്രല്‍ സദ്യയൊരുക്കി കോട്ടുള്ളി ഗ്രാമപഞ്ചായത്ത്. കൃഷിഭവനും കൂനമ്മാവ് ചാവറ ദര്‍ശന്‍ സി.എം.ഐ പബ്ലിക് സ്‌കൂളും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്. സാധാരണ ഭക്ഷണത്തില്‍ നിന്നും വ്യത്യസ്ഥമായി പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ശുദ്ധമായ ഭക്ഷണങ്ങള്‍ അതേ രീതിയില്‍ ഉപയോഗിക്കുകയാണ് കാര്‍ബണ്‍ ന്യൂട്രല്‍ ഭക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കലര്‍പ്പില്ലാത്ത പാകംചെയ്യാത്ത പച്ചക്കറികള്‍, മുളപ്പിച്ച ചെറു ധാന്യങ്ങള്‍, വിവിധയിനം പഴങ്ങള്‍, കരിക്ക്, ഡ്രൈ ഫ്രൂഡ്‌സ്, മധുരത്തിന് പനംകരുപ്പട്ടി, ഉപ്പിന് ഇന്ദുപ്പ് എന്നിവ ചേര്‍ത്തു വിവിധയിനം ഉല്‍പ്പന്നങ്ങളാണ് കാര്‍ബണ്‍ ന്യൂട്രല്‍ സദ്യയില്‍ ഒരുക്കിയത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിശിഷ്ട വ്യക്തികളെ കരിക്ക് ജൂസ് നല്‍കി സ്വീകരിച്ചു. വാഴയിലയില്‍ റാഗി ഉണ്ടയും വിവിധയിനം പഴങ്ങള്‍ ചേര്‍ത്ത ഫ്രൂട്ട് സലാഡും പച്ചക്കറികള്‍ കൊണ്ടുണ്ടാക്കിയ സലാഡും അവിയല്‍, പപ്പായ തോരന്‍, അവില്‍ തൈരില്‍ നനച്ചത്, നെല്ലിക്കാ ചമ്മന്തി, റോബസ്റ്റാ പായസം തുടങ്ങിയ ഭക്ഷണങ്ങള്‍ തയാറാക്കി. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, ഭൗമ പരിധി ലംഘനം, ഭക്ഷ്യ ദൂരം കുറയ്ക്കല്‍, രുചി അധിനിവേശത്തെ പ്രതിരോധിക്കല്‍ മുതലായ കാര്യങ്ങളില്‍ എന്തുചെയ്യുവാന്‍ കഴിയുമെന്ന ചോദ്യത്തിനുത്തരമാണ് കാര്‍ബണ്‍ ന്യൂട്രല്‍ അടുക്കള.