Spread the love
വാക്സിനിലൂടെ ലഭിക്കുന്ന രോഗപ്രതിരോധശേഷി മാസങ്ങള്‍ക്കകം ദുര്‍ബലമാകുന്നതായി പഠനം; സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ അതിവേഗത്തിൽ പ്രതിരോധശേഷി കുറയുന്നതായും കണ്ടെത്തൽ

വാക്സിനിലൂടെ ലഭിക്കുന്ന രോഗപ്രതിരോധശേഷി മാസങ്ങള്‍ക്കകം ദുര്‍ബലമാകുന്നതായി പഠനറിപ്പോര്‍ട്ട് ; സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ അതിവേഗത്തിൽ പ്രതിരോധശേഷി കുറയുന്നതായി കണ്ടെത്തൽ

ന്യൂയോര്‍ക്ക്: കോവിഡിനെതിരെയുള്ള വാക്‌സിന്‍ സ്വീകരിച്ചത് വഴി ലഭിക്കുന്ന രോഗപ്രതിരോധശേഷി മാസങ്ങള്‍ക്കകം തന്നെ ദുര്‍ബലമാകുന്നതായി പഠനറിപ്പോര്‍ട്ട്. ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകതയിലേക്കാണ് പഠനറിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരിലാണ് അതിവേഗത്തില്‍ രോഗപ്രതിരോധശേഷി കുറയുന്നതെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

5000 ഇസ്രായേലി ആരോഗ്യപ്രവര്‍ത്തര്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ ഫലമാണ് പുറത്തുവന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കന്‍ മരുന്ന് കമ്ബനിയായ ഫൈസര്‍ ജര്‍മ്മന്‍ ബയോടെക്‌നോളജി കമ്ബനിയായ ബയോണ്‍ടെകിന്റെ പങ്കാളിത്തതോടെ വികസിപ്പിച്ച വാക്‌സിനാണ് പഠനവിധേയമാക്കിയത്.

രണ്ടാം ഡോസ് സ്വീകരിച്ച്‌ ആറുമാസത്തിനകം തന്നെ കോവിഡിനെ ചെറുക്കാന്‍ ശരീരത്തിന് കരുത്തുപകരുന്ന ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടക്കത്തില്‍ കുത്തനെയാണ് ആന്റിബോഡികള്‍ കുറയുന്നത്. പിന്നീട് മിതമായ നിരക്കില്‍ ആന്റിബോഡിയുടെ അളവ് കുറയുന്നതായും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കോവിഡിനെ ചെറുക്കാന്‍ ആവശ്യമായ ആന്റിബോഡികളുടെ അളവ് നിര്‍ണയിക്കാനുള്ള ശ്രമത്തിലാണ് വൈദ്യശാസ്ത്രലോകം. ഇതിലൂടെ മരണവും കടുത്ത രോഗാവസ്ഥയും മറികടക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അപകട സാധ്യത കൂടുതലുള്ള ആളുകളെ കണ്ടെത്തുന്നതിനും ഇവര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കേണ്ടതിന്റെ പ്രാധാന്യം അറിയിക്കാനും ഇതുവഴി സാധിക്കുമെന്ന് ഗവേഷകനായ ഗില്ലി റെഗേവ് യോച്ചാവ് പറയുന്നു.

Leave a Reply