Spread the love

മലപ്പുറം : ഇരുപത്തിയൊന്നുകാരിയായ സുബീറയെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയത് മൂന്നര പവന്‍ സ്വര്‍ണത്തിന് വേണ്ടിയെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. വളാഞ്ചേരിയില്‍ നിന്നും കാണാതായ സുബീറ ഫര്‍ഹത്ത് എന്ന പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. വീടിന് സമീപമുള്ള പറമ്ബില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സമീപവാസി അന്‍വറാണ് കുറ്റസമ്മതം നടത്തിയത്. സുബീറയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനാണ് കൊല നടത്തിയത് എന്നാണ് പ്രതി മൊഴി നല്‍കിയത്.

മാര്‍ച്ച്‌ 10 നാണ് കിഴക്കപറമ്ബാട്ട് കബീറിന്‍റെ മകള്‍ സുബീറ ഫര്‍ഹത്തിനെ കാണാതായത്. ഡെന്റല്‍ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന സൂബീറ ക്ലിനിക്കില്‍ എത്താതായതോടെയാണ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു.

തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും തന്നെ കണ്ടില്ല. തുടര്‍ന്ന് പ്രത്യേക അന്വേഷണം സംഘം കേസ് ഏറ്റെടുത്ത് പരിശോധന ആരംഭിച്ചപ്പോഴാണ് വീടിന് സമീപത്തെ സ്ഥലത്ത് നിന്നും മൃതദേഹം കണ്ടെടുത്തത്. കാണാതായി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

അന്വേഷണത്തിനായി പോലീസിനോടൊപ്പം കൂടെ നിന്ന് സഹായിച്ച അന്‍വറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. അന്വേഷണം വഴിതിരിച്ച്‌ വിടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ഇതാണ് പോലീസിനെ സംശയത്തിലേയ്ക്ക് നയിച്ചത്.

അന്‍വര്‍ വിവാഹം കഴിച്ചിരുന്ന യുവതിയ്ക്ക് ബന്ധം വേര്‍പ്പെട്ടതിന്റെ നഷ്ടപരിഹാരം നല്‍കാനാണ് ഇയാള്‍ സുബീറയെ കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. രാവിലെ ജോലിയ്ക്ക് പോയ സുബീറയെ വീടിന് 50 മീറ്റര്‍ അടുത്തുള്ള വിജനമായ സ്ഥലത്ത് വെച്ച്‌ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കൊലപാതകത്തിന് ശേഷം ആഭരണങ്ങള്‍ മോഷ്ടിച്ച്‌ മൃതദേഹം തൊട്ടടുത്തുള്ള പറമ്ബില്‍ സൂക്ഷിച്ച്‌ വെച്ചു.

മൃതദേഹം ചാക്കില്‍ കെട്ടി ഇയാളുടെ ചുമതലയിലുള്ള സമീപത്തെ പറമ്ബിലേയ്ക്ക് കൊണ്ടുപോയി കുഴിച്ച്‌ മൂടുകയും ചെയ്തു. ആ പറമ്ബിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് ഇയാളായിരുന്നു. പിന്നീട് കൃഷി ആവശ്യത്തിന് എന്ന വ്യാജേന സമീപത്തെ ക്വാറിയിലെ മണ്ണമാന്തി യന്ത്രം വിളിച്ച്‌ അവിടെ മണ്ണിട്ട് മൂടി. കടബാദ്ധ്യതകള്‍ ഏറെയുണ്ടായിരുന്ന പ്രതി അത് തീര്‍ക്കാനാണ് സുബീറയെ കൊലപ്പെടുത്തിയത് എന്ന് പറയുന്നു.

Leave a Reply