Spread the love

ചെറുകിട യൂണിറ്റുകൾക്ക് 4 ലക്ഷം രൂപ വരെ സബ്സിഡി

പദ്ധതി ചെലവ് 10 ലക്ഷം രൂപ വരെയുള്ള ചെറുകിട യൂണിറ്റുകള്‍ക്ക് വ്യവസായ വകുപ്പിന്റെ മാര്‍ജിന്‍ മണിഗ്രാൻ്റ് പദ്ധതി പ്രകാരം ചെലവിൻ്റെ 40 ശതമാനം, പരമാവധി 4 ലക്ഷം രൂപവരെ സബ്‌സിഡിയായി ലഭിക്കും. സ്ഥിര മൂലധനവും പ്രവര്‍ത്തന മൂലധനവും ഉള്‍പ്പെടെ ആകെ പദ്ധതി ചെലവ് 10 ലക്ഷം രൂപ വരെയുള്ള യൂണിറ്റുകളാണ് ഈ ധനസഹായ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

ഉത്പാദന മേഖല, ഭക്ഷ്യസംസ്‌കരണ മേഖല, ജോബ് വര്‍ക്ക് മേഖല, മൂല്യ വര്‍ദ്ധനയുള്ള സേവനമേഖല എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ക്കാണ് പദ്ധതിയുടെ അര്‍ഹത. പൊതു വിഭാഗത്തിനും പ്രത്യേക വിഭാഗത്തിനും രണ്ടു നിരക്കിലാണ് ഗ്രാൻ്റ് നല്‍കുന്നത്. പൊതുവിഭാഗത്തിന് പദ്ധതി ചെലവിന്റെ 30 ശതമാനം, പരമാവധി മൂന്ന് ലക്ഷം രൂപവരെ ഗ്രാൻ്റ് അനുവദിക്കുന്നു. ഇതില്‍ 40 ശതമാനം വായ്പയും 30 ശതമാനം സംരംഭകന്റെ വിഹിതവും ആയിരിക്കണം. വനിതകള്‍, പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍, യുവജനങ്ങള്‍ (40 വയസ്സില്‍ താഴെ) എന്നിവരാണ് പ്രത്യേക വിഭാഗം. ഇവര്‍ക്ക് പദ്ധതി ചെലവിന്റെ 40 ശതമാനം, പരമാവധി നാല് ലക്ഷം രൂപവരെ മാര്‍ജിന്‍ മണി ഗ്രാൻ്റ് അനുവദിക്കുന്നു. ഇക്കാര്യത്തില്‍ സംരംഭകന്റെ വിഹിതം 20 ശതമാനം ആയിരുന്നാല്‍ മതി. പദ്ധതി തുകയുടെ 30 ശതമാനമെങ്കിലും വനിതാ സംരംഭങ്ങള്‍ക്കായി മാറ്റിവയ്ക്കും.

ഈ പദ്ധതിയുടെ വിശദമായ മാര്‍ഗ്ഗരേഖയും പദ്ധതിക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ഉള്ള വിവരങ്ങളും വ്യവസായ വാണിജ്യ ഡയറക്ട്രേറ്റിൻ്റെ
http://www.industry.kerala.gov.in/index.php/schemes/margin-money-grant-to-nano-units
എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിശദാംശങ്ങള്‍ നേരിട്ട് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.

വ്യവസായ വകുപ്പിന്റെ ജില്ലാ ഉദ്യോഗസ്ഥരുടെയും ഈ പദ്ധതി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ഓഫീസിലെയും ഫോണ്‍ നമ്പര്‍ മുകളില്‍ സൂചിപ്പിച്ച വെബ്സൈറ്റില്‍ ലഭ്യമാണ്. സംരംഭകർക്ക് താലൂക്ക് വ്യവസായ ഓഫീസുകളിലുള്ള ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുമായും ബന്ധപ്പെടാവുന്നതാണ്.

Leave a Reply