Spread the love

തന്റെ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദ സീൻസ് ദൃശ്യങ്ങൾ കട്ട് ചെയ്ത് മോശമായ രീതിയിൽ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ പേജിനെതിരെ നടിയും അവതാരകയുമായ പാര്‍വതി ആർ കൃഷ്ണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിയമപരമായി മുന്നോട്ടു നീങ്ങിയ പാർവതി പേജ് പൂട്ടിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി.

”ഇത് എന്റെ മാത്രം പ്രശ്‌നമല്ല. ഞാന്‍ പ്രതികരിച്ചു എന്നു മാത്രം. എന്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ ഒരു നടി ഇതൊക്കെ നേരിടേണ്ടി വരില്ലേ എന്നാണ് ചിലർ ചോദിച്ചത്. ഒരു നടിയും ഇത് നേരിടേണ്ട ആവശ്യമില്ല. പ്രേക്ഷകരിലേക്ക് വള്‍ഗര്‍ ആയ രീതിയില്‍ എത്താന്‍ വേണ്ടി ചെയ്തതല്ല ആ ഷോട്ടോഷൂട്ട്. അതിനെ അത്രയും വള്‍ഗര്‍ ആക്കിയതിനാല്‍ എനിക്ക് അംഗീകരിക്കാനായില്ല. അതുപോലൊരു പേജില്‍ എന്റെ വീഡിയോ വരുന്നതിനോട് എനിക്ക് താല്‍പര്യമില്ല”, പാർവതി പറഞ്ഞു.

”എന്റെ മകന്‍ വളര്‍ന്ന് ഒരു പ്രായമെത്തുമ്പോള്‍ അവന്റെ അമ്മയുടെ ഇത്തരമൊരു വീഡിയോ കണ്ടാല്‍ അവന്‍ സഹിക്കുമോ? ഒരു മകനും സഹിക്കില്ല. ഈ സംഭവത്തിന് ശേഷം പലരും എനിക്ക് മെസേജ് അയച്ചു. ഞങ്ങളുടെ ഫോട്ടോയും ഇത്തരത്തിൽ വരാറുണ്ട്. സൈബർ സെല്ലിൽ പരാതി നല്‍കിയിട്ടും ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നും പറഞ്ഞു. സാധാരണക്കാരിയായ എനിക്ക് ഇത് ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഇത്രയും പവർഫുള്ളായ സൈബര്‍ സെല്ലിന് എന്തുകൊണ്ട് അത് സാധിക്കുന്നില്ല? എന്ത് ചെയ്താലും ആരാണെന്ന് അറിയില്ല എന്ന ധാരണ ചിലര്‍ക്കുണ്ട്. പക്ഷെ ഈ രോമാഞ്ചം മീഡിയയുടെ പിന്നിലുള്ള ആളുകളെക്കുറിച്ചുള്ള മുഴുവന്‍ വിവരം കിട്ടിയിരുന്നു. ഇത്തരം പേജുകൾക്കു പിന്നിലുള്ള പലരും ചെറിയ പിള്ളേരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം”, പാര്‍വതി കൂട്ടിച്ചേർത്തു.

Leave a Reply