Spread the love

കൃത്രിമ ഗർഭധാരണത്തിലൂടെ എഴുപത്തൊന്നുകരി പ്രസവിച്ച പെൺകുഞ്ഞിന് 45 ദിവസം മാത്രമേ അയുസ് ഉണ്ടായിരുന്നൊള്ളൂ. വളരെ കുറച്ച് ദിവസങ്ങളിലെ സ്‌നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങി വിധിക്കു മുന്നിൽ കീഴടങ്ങുകയായിരുന്നു ആ പിഞ്ചോമൽ. രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട. അധ്യാപികയായ സുധർമയായിരുന്നു കഴിഞ്ഞ മാർച്ച് 18ന് പെൺകുഞ്ഞിന് കൃത്രിമ ഗർഭധാരണത്തിലൂടെ ജന്മം നൽകിയത്. ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു പ്രസവം.

എന്നാൽ സുധർമയുടെയും ഭർത്താവ് സുരേന്ദ്രന്റെയും സന്തോഷങ്ങൾക്ക് അൽപായുസ് മാത്രമാണ് ഉണ്ടായിരുന്നു. കളിയും ചിരിയും കൊഞ്ചലും കൊണ്ട് നിറഞ്ഞ വീട്ടിൽ ഇന്ന് സങ്കടം മാത്രമാണ്. ഇപ്പോഴും ആ കുരുന്ന് വിടവാങ്ങിയെന്ന് സുധർമയ്ക്കും സുരേന്ദ്രനും വിശ്വസിക്കാനായിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിന് തൂക്കവും പ്രതിരോധ ശക്തിയും കുറവായിരുന്നു. അതിനാൽ 40 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെ കഴിഞ്ഞ 28നു രാമപുരത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. സുധർമയും ഭർത്താവ് റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷൻ ഓഫിസർ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെയായിരുന്നു പരിചരിച്ച് പോന്നത്. കുഞ്ഞിന്റെ തൂക്കം 1100 ൽ നിന്നും 1400ലേക്ക് ഉയർന്നതിന്റെ സന്തോഷത്തിലായിരുന്നു ഇവർ. ഇതിനിടെയാണ് വിധി കുഞ്ഞിനെ തട്ടിയകത്തിയത്.

ഒന്നര വർഷം മുൻപ് 35 വയസ്സുള്ള ഇവരുടെ മകൻ സുജിത് സൗദിയിൽ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി വേണമെന്നു സുധർമയും സുരേന്ദ്രനും ആഗ്രഹിച്ചത്. കൃത്രിമ ഗർഭധാരണം എന്ന ആവശ്യവുമായി ഡോക്ടർമാരെ ഇവർ സമീപിച്ചെങ്കിലും ആദ്യം അവർ എതിർത്തു. ഈ പ്രായത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് വലിയ വെല്ലുവിളിയാണെന്ന് ഡോക്ടർമാർ ആവർത്തിച്ചു. എന്നാൽ സുധർമ തന്റെ നിലപാടിൽ ഉറച്ച് നിന്നു. ഒടുവിൽ ആ നിശ്ചയ ദാർഢ്യത്തിന് മുന്നിൽ ഡോക്ടർമാർക്ക് വഴങ്ങേണ്ടി വരികയായിരുന്നു.

Leave a Reply