Spread the love

തൃശൂർ∙ ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളജ് ഡ‍ീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാനിരിക്കെയാണ് തന്നെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഗവർണർ പുറത്തിറക്കിയതെന്ന് വെറ്ററിനറി സർവകലാശാലാ വിസി പ്രഫ.ഡോ.എം.ആർ.ശശീന്ദ്രനാഥ്. ഇന്നലെയാണ് ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ട് കൈമാറിയത്. ഇതുപ്രകാരം ഡീനിനും അസിസ്റ്റന്റ് വാർഡനും വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇരുവരെയും സസ്പെൻഡ് ചെയ്യാൻ വിചാരിച്ചിരുന്നു.

ഇതിനുള്ള ഉത്തരവ് തയാറാക്കുന്നതിനിടെയാണ് ഗവർണറുടെ ഉത്തരവ് വന്നത്. ഇതോടെ ഈ ഉത്തരവ് നൽകാൻ സാധിച്ചില്ലെന്ന് എം.ആർ.ശശീന്ദ്രനാഥ് അറിയിച്ചു. സർവകലാശാലയുടെ കീഴിൽ ഏഴു കോളജുകളുണ്ട്. എല്ലായിടത്തും കോളജ് ഡീനുകളും അസിസ്റ്റന്റ് വാർഡൻമാരുമുണ്ട്. അസ്വാഭാവികമായ സാഹചര്യങ്ങളുണ്ടായാൽ സർവകലാശാലയെ അറിയിക്കേണ്ടത് അവരുടെ ചുമതലയാണ്. ഇതിൽ വീഴ്ച വരുത്തിയതിനാണ് നടപടിയെടുക്കാൻ തീരുമാനിച്ചതെന്നും സസ്പെൻഷനിലായ വിസി അറിയിച്ചു.

ഗവർണറുടേത് പ്രതികാര നടപടിയായി കാണുന്നില്ലെന്നും പ്രഫ.ഡോ.എം.ആർ.ശശീന്ദ്രനാഥ് പറഞ്ഞു. ഗവർണറുമായി നല്ല ബന്ധമാണുള്ളത്. സസ്പെൻഷനെതിരെ നിയമനടപടി സ്വീകരിക്കില്ല. ഇനി അഞ്ച് മാസം മാത്രമാണ് കാലാവധി ബാക്കിയുള്ളത്. എങ്കിലും വിശദീകരണം തേടിയശേഷം നടപടിയെടുക്കുന്നതായിരുന്നു മര്യാദ. പ്രശ്നങ്ങൾക്ക് കാരണം വിദ്യാർഥി സംഘടനകളുടെ ധാർഷ്ട്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിദ്ധാർഥനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ 31 പേർ ഉൾപ്പെട്ടതായി ആന്റി റാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ കുറ്റകൃത്യത്തിനു നേതൃത്വം നൽകിയ 19 പേരെ കോളജിൽനിന്നു പുറത്താക്കാനും 3 വർഷത്തേക്കു മറ്റൊരു കോഴ്സിനും ചേരാനാകാത്തവിധം വിലക്കാനും തീരുമാനിച്ചു. വിദ്യാർഥികൾക്ക് അപ്പീൽ പോകാനുള്ള അവസരമുണ്ട്.

Leave a Reply