തിരുവനന്തപുരം: പോത്തൻകോട് കല്ലൂർ സുധീഷ് വധത്തിലെ പ്രധാന പ്രതികള്‍ പിടിയിലായി.ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവരാണ് പിടിയിലായത്. ഇതിൽ മുട്ടായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇതോടെ കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
കൊലപാതകത്തില്‍ പങ്കെടുത്ത എട്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മൂന്നാം പ്രതി ശ്യാമാണ് സുധീഷ് ഉണ്ടായിരുന്ന സ്ഥലം കൊല നടത്തിയവര്‍ക്ക് കാണിച്ച് കൊടുത്തത്. അരുൺ,സച്ചിൻ, സൂരജ്, ജിഷ്ണു, സന്ദു, എന്നിവരാണ് മുമ്പ് അറസ്റ്റിലായ പ്രതികൾ. കൊലക്കുപയോഗിച്ച ആയുധങ്ങൾ പോലീസ് മുൻപേ കണ്ടെടുത്തിരുന്നു. പ്രധാന പ്രതികളുമായി പോലീസ് ഉടനെ തെളിവെടുപ്പ് നടത്തും.
സുധീഷിനെ വീട്ടികൊന്നതിന് പിന്നിൽ ഗുണ്ടാ പകയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സുധീഷും പ്രതികളും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നു. ഈ മാസം 6 ന് ആറ്റിങ്ങൽ ഊരു പൊയ്കയിൽ രണ്ട് യുവാക്കളെ വെട്ടിയ കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഇതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൊത്തം 11 പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ട്. പ്രധാന പ്രതികളുടെ പേര് മരിക്കുന്നതിന് മുൻപ് സുധീഷ് തന്നെയാണ് പോലീസിന് പറഞ്ഞു കൊടുത്തത്.