
തിരുവനന്തപുരം: പോത്തൻകോട് സുധീഷിനെ കൊല്ലാനായി അക്രമികൾക്ക് കാണിച്ച് കൊടുത്തത് ഭാര്യാ സഹോദരൻ. ലഹരി ഇടപാടിലെ തർക്കവും മുൻ അക്രമങ്ങളിലെ വൈരാഗ്യവും കൊലയ്ക്ക് കാരണമായെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യ പ്രതികളെ കണ്ടെത്താൻ പൊലീസിനായില്ല. ഇതിനിടെ നെയ്യാറ്റിൻകരയിലും ഗുണ്ടാസംഘം ഓട്ടോറിക്ഷ ഡ്രൈവറെ വീട്ടിൽ കയറി വെട്ടി.
സുധീഷിൻ്റെ ഭാര്യാ സഹോദരൻ ശ്യാമാണ് ഒളിയിടം പ്രതികൾക്ക് കാണിച്ചു കൊടുത്തത്. ലഹരി ഇടപാടിലെ തർക്കത്തിൽ ശ്യാമിനെ നേരത്തെ മർദിച്ചതിലെ വൈരാഗ്യമായിരുന്നു ചതിക്ക് കാരണം. കേസിലെ മുഖ്യപ്രതിയായ ആറ്റിങ്ങൽ സ്വദേശി ഉണ്ണിയുടെ അമ്മക്ക് നേരെ സുധീഷ് ബോംബെറിഞ്ഞതിലെ വൈരാഗ്യമാണ് കൊല ആസൂത്രണം ചെയ്യാനിടയാക്കിയത്. ഒളിയിടം മനസിലായതോടെ മാരക ആയുധങ്ങളുമായെത്തി കൊല്ലുകയായിരുന്നു. കൊലയുടെ കാരണവും പ്രതികൾ ആരൊക്കെയെന്നും വ്യക്തമായിട്ടും മൂന്ന് പ്രതികൾ മാത്രമാണ് പിടിയിലായത്. ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, നിധീഷ്, കണിയാപുരം സ്വദേശി രഞ്ജിത് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം റൂറൽ മേഖലയിലെ പൊലീസ് ഒന്നടങ്കം തിരഞ്ഞിട്ടും ഗുണ്ടാപ്പട്ടികയിൽ പെട്ട പ്രതികളെ കണ്ടെത്താനാവാത്തത് നാണക്കേടാവുകയാണ്. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു ഉടൻ അറസ്റ്റ് എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. അതേസമയം ക്രിമിനലുകളുടെ മറ്റൊരു അഴിഞ്ഞാട്ടത്തിന് കൂടി തിരുവനന്തപുരം ഇന്നലെ രാത്രി വേദിയായി. ആറാലുംമൂട് ഓട്ടോ ഡ്രൈവർ സുനിലിനെ 4 അംഗ ഗുണ്ടാസംഘം വീട്ടിൽ കയറി വെട്ടി. പരുക്ക് ഗുരുതരമല്ല. ഒരാഴ്ച മുമ്പുണ്ടായ തർക്കത്തിൻ്റെ പ്രതികാരം വീട്ടലാണ് ഈ അക്രമവും.