കുറ്റ്യാടി∙ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പാതിരിപ്പറ്റ മാവുള്ളപറമ്പത്ത് സുധീഷിന്റെ (42) മരണം നാടിനു നൊമ്പരമായി. 7 മാസം മുൻപാണ് സുധീഷ് കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ എത്തിയത്. അതിനു മുൻപു നാദാപുരത്ത് ജനമൈത്രി പൊലീസിൽ ആയിരുന്നു. ജോലിയിൽ ആത്മാർഥതയും സത്യസന്ധതയും പുലർത്തിയിരുന്ന ആളായിരുന്നു എന്നാണ് സഹപ്രവർത്തകരും നാട്ടുകാരും ഒന്നടങ്കം പറയുന്നത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സുധീഷിനെ കാണാതായത്. ഡ്യൂട്ടിക്കിടെ കാണാതായയോടെ പൊലീസ് അന്വേഷണം നടത്തി. റിവർ റോഡിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ ഇയാൾ നടന്നു പോകുന്നതു കണ്ടതോടെയാണ് ഈ പ്രദേശം അരിച്ചു പെറുക്കി തിരച്ചിൽ നടത്തിയത്. വൈകിട്ടാണ് പേരാമ്പ്ര റോഡിലെ കെട്ടിടത്തിന്റെ പാർക്കിങ് സ്ഥത്തുള്ള കോണിക്കൂടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് വൻ ജനാവലി സ്ഥലത്ത് തടിച്ചു കൂടി.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കുറ്റ്യാടി സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി കറുപ്പ സ്വാമി പുഷ്പചക്രം സമർപ്പിച്ചു. ഡിവൈഎസ്പിമാരായ വി.വി.ലതീഷ്, കുഞ്ഞിമോയിൻ കുട്ടി (പേരാമ്പ്ര), കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത, നാദാപുരം, തൊട്ടിൽപാലം, കുറ്റ്യാടി, പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.