
തിരുവനന്തപുരം പെരിങ്ങമല, വിതുര ആദിവാസി ഊരുകളിൽ (Tribal Settlements) അഞ്ച് മാസത്തിനിടെ അഞ്ച് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിത ശിശു വകുപ്പ് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. പഠനത്തിലും കലാപ്രവർത്തനങ്ങളും മിടുക്കിയായിരുന്ന വെട്ടിയൂർ ആദിവാസി ഊരിലെ പെൺകുട്ടി; നവംബർ ഒന്നിന് കോളജിലേക്ക് പോകേണ്ട ദിവസം ചേതനയറ്റ മകളെയാണ് അച്ഛൻ കണ്ടത്. പോസ്റ്റ് മോർട്ടത്തിൽ പെൺകുട്ടി ലൈംഗീക ചൂഷണത്തിനും ഇരയായെന്ന് കണ്ടെത്തി. പ്രതികളെ ചൂണ്ടികാട്ടിയിട്ടും പാലോട് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തില്ല. ഒരുപറ ഊരിലിലെ അഞ്ജലിയെന്ന 19 കാരിയും ജീവനൊടുക്കിയത് കഴിഞ്ഞ നവംബറിൽ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിതുര ചെമ്പികുന്ന ഊരിലെ രണ്ടു പെണ്‍കുട്ടികൾ ആത്മഹത്യ ചെയ്തത്. ജീവനൊടുക്കിയതെല്ലാം പഠനത്തിൽ മിടുക്കരായ കുട്ടികളാണ്. ഊരുകളിൽ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. ലഹരി സംഘങ്ങളെ നേരിടാൻ പൊലീസും എക്സൈസും ഒരു നടപടിയും സ്വീകരിക്കില്ലെന്നും ആരോപണം ഉയർന്നിരുന്നു.