Spread the love

ബേസിൽ ജോസഫ്, നസ്രിയ നസിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. പേരിലെ കൗതുകം നിലനിര്‍ത്തുന്ന, ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയ്‍ലര്‍ ആണ് ചിത്രത്തിന്‍റേതായി ഇന്നലെ പുറത്തെത്തിയത്. അതേസമയം ചെറിയ ചില കഥാസൂചനകള്‍ ഊഹിക്കാമെന്നല്ലാതെ ചിത്രം ഏത് തരത്തിലുള്ളതായിരിക്കുമെന്ന് വെളിപ്പെടുത്താതെയുള്ളതാണ് ട്രെയ്‍ലര്‍. ഇപ്പോഴിതാ എന്താണ് സൂക്ഷ്മദര്‍ശിനി എന്ന് പറയുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നസ്രിയയും ബേസിലും.

“ഒരു അയല്‍പക്കത്ത് നടക്കുന്ന കഥയാണ് സൂക്ഷ്മദര്‍ശിനി. എന്‍റെ കഥാപാത്രം, ആ കഥാപാത്രത്തിന്‍റെ സുഹൃത്തുക്കള്‍, അവരുടെ കുടുംബങ്ങള്‍ ഒക്കെയുള്ള ഒരിടം. വാട്സ്ആപ് ഗ്രൂപ്പ് ഒക്കെയുള്ള 2024 ലെ ഒരു അയല്‍പക്കം. അങ്ങനത്തെ ഒരു സ്ഥലത്തേക്ക് ബേസിലിന്‍റെ കഥാപാത്രവും അയാളുടെ കുടുംബവും വരുമ്പോള്‍ അവിടെയുണ്ടാവുന്ന മാറ്റങ്ങളുമൊക്കെയാണ് ഈ സിനിമ”, നസ്രിയ പറയുന്നു. സത്യന്‍ അന്തിക്കാട് സിനിമകളുടെ പശ്ചാത്തലമുള്ള ഒരു ത്രില്ലര്‍ എന്നും ചിത്രത്തെക്കുറിച്ച് വിശദീകരിക്കുന്നു ഇരുവരും.”ഒരു ഫാമിലി ത്രില്ലര്‍ ആണ് ഈ സിനിമ. അതേസമയം സാധാരണ ത്രില്ലര്‍ സിനിമകളുടെ ഒരു സ്വഭാവമല്ല. സത്യന്‍ അന്തിക്കാട് സാറിന്‍റെ സിനിമകളുടെ രീതിയിലാണ് അതിന്‍റെ പോക്ക്. ആ രീതിയിലുള്ള ചുറ്റുവട്ടവും അയല്‍ക്കാരുമൊക്കെയാണ് ചിത്രത്തില്‍”, ബേസില്‍ പറയുന്നു. ‘ഒരു സത്യന്‍ അന്തിക്കാട് ത്രില്ലര്‍’ എന്നാണ് ചിത്രീകരണത്തിനിടെ സൂക്ഷ്മദര്‍ശിനിയെക്കുറിച്ച് തങ്ങള്‍ പറയുമായിരുന്നതെന്നും നസ്രിയ കൂട്ടിച്ചേര്‍ക്കുന്നു. പ്രിയദര്‍ശിനി എന്നാണ് ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മാനുവല്‍ ആയി ബേസിലും എത്തുന്നു. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്

Leave a Reply