ആശിച്ച് മോഹിച്ച് കുടുംബവും നാട്ടുകാരുമായി തിയറ്ററിൽ എത്തിയപ്പോൾ താൻ അഭിനയിച്ച സീൻ ഇല്ലാതായപ്പോൾ കണ്ണു നിറച്ച ഒരു വീട്ടമ്മയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം നമ്മൾ കണ്ടതാണ്. ആസിഫ് അലി ചിത്രം രേഖാചിത്രത്തിലായിരുന്നു സുലേഖ രണ്ട് ഷോട്ടിൽ അഭിനയിച്ചത്. എന്നാൽ എഡിറ്റിൽ അണിയറ പ്രവർത്തകർക്ക് നിർഭാഗ്യവശാൽ ഇത് കട്ട് ചെയ്യേണ്ടി വരികയായിരുന്നു. എന്തായാലും കണ്ണുകലങ്ങിയ സുലേഖയെ കാര്യമറിഞ്ഞ് ചേർത്തണച്ച ആസിഫ് അലിയും കട്ട് ചെയ്ത രംഗങ്ങൾ ഉടൻ യുട്യൂബിൽ അപ്‌ലോഡ് ചെയ്ത അണിയറ പ്രവർത്തകരുമെല്ലാം പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.
ഇപ്പോഴിതാ ആസിഫ് അലി ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചപ്പോൾ പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷം തോന്നിയെന്ന് പറയുകയാണ് സുലേഖ. “ഒരുപാട് പേർ സിനിമ കാണാൻ എന്റെയൊപ്പം വന്നിരുന്നു. പിന്നെ കുറച്ച് പേർ ഉച്ചയ്‌ക്ക് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷേ, സിനിമയിൽ ഇല്ലെന്ന് അറിഞ്ഞതോടെ പലരും എന്നെ വിളിക്കാൻ തുടങ്ങി. സിനിമ കഴിഞ്ഞപ്പോൾ സങ്കടം സഹിക്കാനാവാതെ ഞാൻ കരഞ്ഞുപോയി. എന്തിനാ കരയുന്നതെന്ന് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പലരും എന്നോട് ചോദിച്ചു. സിനിമയെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ കാരണം സിനിമയ്‌ക്ക് ഒരു ദോഷവും വരരുതെന്ന് വിചാരിച്ചു. എത്ര പേരുടെ അധ്വാനമാണ് ഒരു സിനിമയെന്ന് ഞാൻ നേരിട്ട് കണ്ടതാണ്”.
“എനിക്ക് അന്ന് ഒരുപാട് സങ്കടമായി. ഞാൻ കരയുന്നത് കണ്ടാണ് ആസിഫ് അലി സാർ എന്നോട് നേരിട്ട് വന്ന് സംസാരിച്ചത്. തിയേറ്ററിന് മുന്നിൽ വച്ച് അദ്ദേഹം ചേർത്തുപിടിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. ആ സീൻ കട്ട് ചെയ്തത് നന്നായിയെന്നാണ് ഇപ്പോൾ തോന്നുന്നത്. എനിക്ക് തന്ന് വാക്ക് അവർ പാലിച്ചു. ആ വീഡിയോ പുറത്തുവന്നതിന് ശേഷം ഒരുപാട് ആളുകൾ എന്നെ വിളിച്ചു”. പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷം തോന്നുന്നുവെന്നും ആസിഫ് അലി ചേർത്തുപിടിച്ചപ്പോൾ ഒരുപാട് സമാധാനമായെന്നും സുലേഖ പറഞ്ഞു.