എടക്കര : ഗുണ്ടൽപേട്ടിൽ സൂര്യകാന്തിക്കൃഷിക്ക് സീസണൊന്നുമില്ല. സഞ്ചാരികൾക്കു കാഴ്ചയുടെ വർണഭംഗി പകർന്നു പാതയോരത്തെ പാടങ്ങളിൽ സൂര്യകാന്തി പൂത്തുനിൽക്കുന്നു. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് സൂര്യകാന്തി കൃഷി ചെയ്തിരുന്നത്. ഈ സമയം മറ്റു കൃഷികളെല്ലാം ഒഴിവാക്കി ഗുണ്ടൽപേട്ടിലെയും പരിസരങ്ങളിലെയും പാടങ്ങളെറെയും സൂര്യകാന്തി മാത്രമായിരിക്കും വിളയിക്കുക. ഇപ്പോഴത്തെ കൃഷി സഞ്ചാരികളെ ലക്ഷ്യംവച്ചാണ്.
എത്ര തിരക്കിട്ട യാത്രയാണെങ്കിലും സൂര്യകാന്തിത്തോട്ടം കാണുമ്പോൾ മിക്കവരും വാഹനം നിർത്തി അൽപസമയം ഇവിടെ ചെലവഴിച്ചേ യാത്ര തുടരൂ. തോട്ടത്തിനുള്ളിൽ കയറാനും ഫോട്ടോ എടുക്കാനും പണം ഈടാക്കുന്നുണ്ട്. കൃഷി സീസണല്ലാത്തതിനാൽ ഈ വരുമാനം വലിയ സഹായമാണെന്ന് കർഷകർ പറയുന്നു. ഗുണ്ടൽപേട്ടിനടുത്ത് അങ്കളയിലാണ് സൂര്യകാന്തി കൂടുതലായി കൃഷിചെയ്തിട്ടുള്ളത്.