Spread the love

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ തീയതി പ്രഖ്യാപിച്ച് നാസ. വരുന്ന തിങ്കളാഴ്ചയായിരിക്കും സുനിത വില്യംസും സംഘത്തിന്‍റെയും മടക്കം. പതിനേഴാം തീയതി ഇന്ത്യൻ സമയം വൈകീട്ട് 6.35നാകും സുനിത കൂടി ഇപ്പോൾ ഭാഗമായ ക്രൂ 9 ദൗത്യ സംഘം നിലയത്തിൽ നിന്ന് പുറപ്പെടുക.

കാലാവസ്ഥ സാഹചര്യമനുസരിച്ച് ഈ സമയത്തിലും തീയതിയിലും മാറ്റം വരുത്തേണ്ടി വന്നേക്കാമെന്നും നാസ അറിയിക്കുന്നു. ഇന്ന് രാവിലെ സാങ്കേതിക പ്രശ്നം കാരണം മാറ്റിവച്ച ക്രൂ 10 വിക്ഷേപണം നാളെ രാവിലെ നടക്കുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നാലംഗ സംഘമാണ് ക്രൂ 10 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 4:56നായിരിക്കും ഈ വിക്ഷേപണം.

2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ബോയിംഗിന്‍റെ സ്റ്റാർലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ഇരുവരും ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാർലൈനറിന്‍റെ പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകരാറും ഹീലിയും ചോര്‍ച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു.

തുടര്‍ന്ന് സ്റ്റാര്‍ലൈനറിനെ ആളില്ലാതെ ന്യൂ മെക്സിക്കോയില്‍ 2024 സെപ്റ്റംബര്‍ 7ന് ലാന്‍ഡ് ചെയ്യിക്കുകയാണ് നാസയും ബോയിംഗും ചെയ്തത്. ഇതോടെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഐഎസ്എസിൽ തുടരേണ്ടിവരികയായിരുന്നു. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന ലോക റെക്കോര്‍ഡ് ഇതിനിടെ സുനിത വില്യംസ് സ്ഥാപിക്കുകയും ചെയ്തു.സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തിലാണ് സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് മടങ്ങിയെത്തുക. സുനിതയ്ക്കൊപ്പം കഴിഞ്ഞ വര്‍ഷം ജൂണില്‍ ഐഎസ്എസിലേക്ക് തിരിച്ച നാസയുടെ തന്നെ ബുച്ച് വില്‍മോറും, നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികളായ നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബനോവും ഡ്രാഗണ്‍ പേടകത്തിന്‍റെ മടക്കയാത്രയിലുണ്ടാവും. എന്നാല്‍ ഈ നാല്‍വര്‍ സംഘത്തിന്‍റെയും മടക്കം സ്പേസ് എക്സിന്‍റെ ക്രൂ-10 ദൗത്യം ഭൂമിയില്‍ നിന്ന് യാത്രതിരിക്കുന്നത് അനുസരിച്ചായിരിക്കും

Leave a Reply