തിരുവനന്തപുരം; കെഎസ്ആർടിസിയിലെ ബസുകൾ വൃത്തിയാക്കി പരിപാലിക്കുന്നതിന് വേണ്ടി സൂപ്പർഫസ്റ്റ് , ഫാസറ്റ്, സിറ്റി സർക്കുലർ ബസുകൾ രണ്ട് ദിവസത്തിലൊരിക്കലും , ഓർഡിനറി ജൻറം നോൺ എസി ബസുകൾ മൂന്ന് ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കുന്നതിന് വേണ്ടി ഉത്തരവ് പുറത്തിറക്കി. ഇതിനായി യൂണിറ്റ് ഓഫീസർമാർ സർവ്വീസിന് നൽകുന്ന ബസുകൾ ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കുന്നതിന് ബസ് വാഷിംഗ് ജീവനക്കാരെ നിയോഗിക്കാൻ നിർദ്ദേശം നൽകി. ഇതിൻ പ്രകാരം യൂണിറ്റുകളിൽ ഉള്ള ബസിന്റെ അനുപാതത്തിന് അനുസരിച്ച് വാഷിംഗ് ഷെഡ്യൂൽ ക്രമീകരിച്ച് നൽകുകയും ചെയ്യും.
വൃത്തി ശൂന്യമായും നിർദ്ദേശങ്ങൾക്ക് വിരുദ്ധമായും ഏതെങ്കിലും ബസുകൾ സർവ്വീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ആ ഡിപ്പോയിലെ മുഴുവൻ ബസ് വാഷർമാരുടേയും സേവനം യാതൊരു മുന്നറിയിപ്പും കൂടാതെ അവസാനിപ്പിച്ച്, ബസ് കഴുകുന്ന കരാർ കുടുംബ ശ്രീ പോലുള്ള ഏജൻസികൾക്ക് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും സിഎംഡി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കൂടാതെ എല്ലാ ബസുകൾക്കും റിവേഴ്സ് ലൈറ്റും ഇന്റിക്കേറ്ററും ഘടിപ്പിക്കുന്നതിനും, ഡ്രൈവർമാർക്ക് മൂവ് ചെയ്യുന്ന സീറ്റും, ബോട്ടിൽ ഫോൾഡറും, എയർ വിന്റും ഘടിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈറ്റ് ഇല്ലാതെയും, ഹോൺ ഇല്ലാതെയും, വൃത്തിയില്ലാതെയും ഉൾപ്പെടെ ബസുകൾ സർവ്വീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും ബസ് നമ്പരും സഹിതം 9400058900 എന്ന വാട്ട് ആപ്പ് നമ്പരിൽ യാത്രാക്കാർക്ക് അറിയിക്കാമെന്ന് കെഎസ്ആർടിസി അറിയിച്ചു.