
കംബോഡിയയിലെ ആളുകളുടെ ജീവൻ രക്ഷിക്കുന്നതിന്റെ പേരിൽ ധീരതയ്ക്കുള്ള ഗോൾഡ് മെഡൽ നേടി വാർത്താപ്രാധാന്യം നേടിയതാണ് മഗാവ എന്ന എലി. അനേകായിരം കംബോഡിയക്കാരുടെ ജീവൻ രക്ഷിച്ച മഗാവ ഇനിയില്ല. ലാൻഡ്മൈൻ ഡിറ്റക്ഷൻ റാറ്റാണ് മഗാവ. ഭൂമിക്കടിയിൽ പൊട്ടാതെ കിടക്കുന്ന ബോംബുകളെയും ഷെല്ലുകളെയും തിരിച്ചറിയാനുള്ള ശേഷിയുണ്ട് മഗാവയ്ക്ക്. ഇതിനോടകം ഏകദേശം 71 കുഴിബോംബുകളും 38 ഓളം സ്‌ഫോടക വസ്തുക്കളും മഗാവ കണ്ടെത്തിയിട്ടുണ്ട്. പീപ്പിള്‍സ് ഡിസ്‌പെന്‍സറി ഫോര്‍ സിക്ക് ആനിമല്‍സ് (പിഡിഎസ്എ) ആണ് മഗാവയ്ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കിയത്. അഞ്ച് വർഷത്തോളം കംബോഡിയ സൈന്യത്തിന്റെ ഭാഗമായിരുന്നു മഗാവ. എട്ട് വയസുകാരനായ മഗാവ പ്രായാധിക്യം മൂലം വേഗത കുറഞ്ഞതോടെ ജോലിയിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു.