Spread the love
സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിച്ചു

അര്‍ജന്റീനയുടെ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് 33 കാരനായ താരം കളം വിടുന്നത്. ഒക്ടോബര്‍ 30 ന് സ്പാനിഷ് ലാ ലിഗയില്‍ അലാവസിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതും തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിക്കേണ്ടി വന്നതും.

“പ്രൊഫഷണല്‍ ഫുട്ബോള്‍ ജീവിതം അവസാനിപ്പിക്കുന്ന കാര്യം പറയാനാണ് ഈ വാര്‍ത്താസമ്മേളനം. വളരെ ബുദ്ധിമുട്ടുള്ള ഒരു നിമിഷമാണിത്. ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തത്. വളരെ മികച്ചൊരു മെഡിക്കല്‍ സംഘത്തിനൊപ്പമാണ് ഞാന്‍,” അഗ്യൂറോ പറഞ്ഞു. “18 വയസുള്ളപ്പോള്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ച അത്ലറ്റിക്കോ മാഡ്രിഡിനോടും, മാഞ്ചസ്റ്റര്‍ സിറ്റിയോടും എനിക്ക് നന്ദിയുണ്ട്. എനിക്ക് സിറ്റിയോടുള്ള അടുപ്പം എത്രത്തോളമാണെന്നും അവര്‍ എങ്ങനെയാണ് എന്നെ പരിഗണിച്ചിരുന്നതെന്നും എല്ലാവര്‍ക്കുമറിയാം,” താരം വിതുമ്പിക്കൊണ്ടു പറഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റി, അത്ലറ്റിക്കൊ മാഡ്രിഡ്, ബാഴ്സലോണ എന്നിവയാണ് അഗ്യൂറൊ കളിച്ചിട്ടുള്ള ക്ലബ്ബുകള്‍. സിറ്റിക്കായി 390 മത്സരങ്ങളില്‍ നിന്ന് 260 ഗോളുകള്‍ താരം നേടി. അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി 230 കളികളില്‍ നിന്ന് 100 ഗോളുകളും അഗ്യൂറോയുടെ പേരിലുണ്ട്.

Leave a Reply