കോഴിക്കോട്: ‘സപ്ലൈ കേരള’ ആപ്പിലൂടെ ഓൺലൈൻ വിൽപ്പന ആരംഭിക്കാനൊരുങ്ങി സപ്ലൈകോ. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ വിൽപ്പനയും വിതരണവും ആരംഭിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി.
സപ്ലൈകോ വിൽപ്പനശാലകളിലെ സബ്സിഡി ഉത്പന്നങ്ങൾക്കുപുറമേയുള്ള നിത്യോപയോഗസാധനങ്ങളാണ് ഹോം ഡെലിവറിയിലൂടെ വീടുകളിലെത്തിക്കുക. ‘സപ്ലൈ കേരള’ ആപ്പിലൂടെ ഒൗട്ട്‌ലെറ്റ് തിരഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ ഓർഡർ ചെയ്യാം. 35 രൂപയാണ് ഡെലിവറി ചാർജ്. ഓർഡർചെയ്യുന്ന സാധനങ്ങൾ അന്നന്നുതന്നെ വീടുകളിലെത്തിക്കും. ഓർഡറുകൾക്ക് മിനിമം ചാർജ് പരിധിയില്ല.
സപ്ലൈകോ റീജണൽ മാനേജർ എൻ. രഘുനാഥ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ സപ്ലൈസ് സീനിയർ സൂപ്രണ്ട് വി. കുമാരി ലത, ടി.സി. ബിജുരാജ്, കെ. സത്യനാഥൻ, ഉമ്മർ പാണ്ടികശാല എന്നിവർ സംസാരിച്ചു.
ആപ്പ് വഴി ഓർഡർ ചെയ്യുന്ന എല്ലാ ബ്രാൻഡഡ് ഉത്പന്നങ്ങൾക്കും അഞ്ചുശതമാനംമുതൽ മുപ്പതുശതമാനംവരെ വിലക്കിഴിവും എല്ലാ ഓൺലൈൻ ബില്ലുകൾക്കും അഞ്ചുശതമാനം കിഴിവും ഉണ്ടായിരിക്കും. 1000 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് അഞ്ചുശതമാനം കിഴിവും ഒരുകിലോ ആട്ടയും 2000 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് 250 ഗ്രാം തേയിലയും 5000 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണയും സൗജന്യമായി ലഭിക്കും.