തിരുവനന്തപുരം : വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ സബ്‌സിഡി സാധനങ്ങള്‍ ജനങ്ങളിലേക്കു നേരിട്ടെത്തിക്കുന്നതിനും വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുമായി ജില്ലകള്‍ തോറും സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പനശാലകള്‍ എത്തുമെന്നു ഭക്ഷ്യ -സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. ഒരു ജില്ലയില്‍ അഞ്ചു മൊബൈല്‍ യൂണിറ്റുകള്‍ എന്ന നിലയില്‍ രണ്ടു ദിവസങ്ങളിലായി സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം 30നു തിരുവനന്തപുരത്തു നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കും. ഒരു മൊബൈല്‍ വാഹനം ഒരു ദിവസം ഒരു താലൂക്കിലെ അഞ്ചു കേന്ദ്രങ്ങളില്‍ എത്തി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സാധനങ്ങള്‍ നല്‍കും. ഒരു മൊബൈല്‍ യൂണിറ്റ് രണ്ടു ദിവസങ്ങളിലായി ഒരു താലൂക്കിലെ പത്തു പോയിന്റുകളില്‍ വിതരണം നടത്തുന്നവിധമാണു ക്രമീകരണം. അങ്ങനെ രണ്ടു ദിവസങ്ങളിലായി അഞ്ചു വാഹനങ്ങള്‍ ഒരു താലൂക്കിലെ 50 പോയിന്റുകളില്‍ എത്തും. തീരദേശം, മലയോരം, ആദിവാസി ഊരുകള്‍ എന്നിവിടങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാകും മൊബൈല്‍ വില്‍പ്പനശാലകളുടെ യാത്ര.
സംസ്ഥാനത്തെ അഞ്ചു മേഖലകളിലുള്ള 52 ഡിപ്പോകളില്‍ സാധനങ്ങള്‍ സംഭരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. മറ്റു മാവേലി ഔട്ട്‌ലെറ്റുകളിലൂടെയുള്ള സബ്സിഡി സാധന വിതരണത്തെ ബാധിക്കാത്തവിധമാണു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.