Spread the love
ഓണക്കിറ്റുമായി സപ്ലൈകോ; ഉപഭോക്താക്കൾക്ക് നേരിട്ടെത്തിക്കും

കൊച്ചി: സിവിൽ സപ്ലൈസ് കോർപറേഷൻ ആഭിമുഖ്യത്തിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് വിപുലമായ ഓണച്ചന്തകൾ ആഗസ്റ്റ് 27 മുതൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു.

സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 27ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ ജില്ല ആസ്ഥാനങ്ങളിലും 27ന് തന്നെ ജില്ല ചന്തകൾ ആരംഭിക്കും. എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ ഫെയറുകളും സംഘടിപ്പിക്കും. സെപ്റ്റംബർ ആറുവരെയാണ് മേളകൾ. 140 നിയോജക മണ്ഡലങ്ങളിലും സെപ്റ്റംബർ ഒന്ന് മുതൽ ഫെയറുകൾ സംഘടിപ്പിക്കും. ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഓണം, ക്രിസ്മസ്, റമദാൻ തുടങ്ങിയ ഉത്സവസീസണുകളിൽ സപ്ലൈകോ സ്പെഷൽ കിറ്റുകൾ തയാറാക്കി വിൽപന നടത്തും. ഇതിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് 1000 മുതൽ 1200 രൂപവരെയുള്ള സ്പെഷൽ ഓണക്കിറ്റുകൾ വില്പന നടത്തും.

റെസിഡന്റ്സ് അസോസിയേഷനുകൾ, സഹകരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സപ്ലൈകോ ഉദ്യോഗസ്ഥർ സന്ദർശിച്ച് ഓർഡറുകൾ ശേഖരിച്ച് ഉപഭോക്താക്കൾക്ക് കിറ്റുകൾ നേരിട്ടെത്തിക്കും. ഓരോ സൂപ്പർ മാർക്കറ്റിലും കുറഞ്ഞത് 250 സ്പെഷൽ കിറ്റുകൾ ഇത്തരത്തിൽ വിൽപന നടത്തും. ഓരോ 100 കിറ്റിലും ഒരു സമ്മാനം നൽകും. സംസ്ഥാനതലത്തിൽ മെഗാ നറുക്കെടുപ്പ് നടത്തി സമ്മാനവിതരണവും നടത്തുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply