കേരളത്തിലെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു. ഗാന്ധിനഗറിലെ സപ്ലൈകോ ആസ്ഥാനത്ത് കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ വില്പനയുടെയും ഹോം ഡെലിവറിയുടെയും സിഎഫ്ആര്‍ഡി-ഡി എഫ് ടി കെ മൊബൈല്‍ ആപ്പിന്റെയും ഓണ്‍ലൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മാര്‍ച്ച് മുപ്പത്തൊന്നോടെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഈ സൗകര്യം ലഭ്യമാകും.
പൊതുജനങ്ങളെ പരമാവധി സഹായിക്കുന്നതിനോടൊപ്പം കര്‍ഷകരെ സഹായിക്കുന്ന നടപടികളാണു സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഓണക്കിറ്റില്‍ കേരളത്തിലെ കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്കു പ്രാധാന്യം നല്‍കിയതിലൂടെ വിപണിയില്‍ മാറ്റം ഉണ്ടാക്കാനായി. കര്‍ഷകര്‍ക്ക് അതു ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വാങ്ങുന്ന ഉല്പന്നങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ വില കുറച്ചാണ് സപ്ലൈകോ ജനങ്ങള്‍ക്കു നല്കുന്നത്. ഇതുമൂലം വിലക്കയറ്റ ഭീഷണിയില്‍ നിന്നു ജനങ്ങളെ രക്ഷിക്കാനായി. ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെന്നും പുതിയ സംരംഭങ്ങളിലൂടെ സപ്ലൈകോ കൂടുതല്‍ ജനങ്ങളിലേക്കെത്താനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഓണ്‍ലൈന്‍ ഉദ്ഘാടനത്തില്‍ ടി.ജെ.വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശിവന്‍ ആദ്യ ഓണ്‍ലൈന്‍ ഓര്‍ഡര്‍ നല്‍കി.